Monday, September 16, 2013

പ്രാര്‍ത്ഥന


മനസ്സില്‍ നിന്നാര്‍ദ്രത മായാതിരിക്കട്ടെ,
കനിവിന്നുറവകള്‍ വറ്റാതിരിക്കട്ടെ,
കാരുണ്യമുള്‍ക്കണ്ണില്‍ നിറവായിരിക്കട്ടെ,
താരുണ്യം തനുവിന് തുണയായിരിക്കട്ടെ.
സ്വപ്നങ്ങള്‍ക്കര്‍ത്ഥവും ചിറകും മുളയ്ക്കട്ടെ,
കല്‍പ്പനകള്‍ കരവിരുതാല്‍ കാവ്യമായ് തീരട്ടെ.
സത്യവും ധര്‍മ്മവും കൂട്ടായിരിക്കട്ടെ,
മൃത്യുവിന്‍  ഭീതികളുഴലാതിരിക്കട്ടെ.
മദമാല്‍സര്യങ്ങള്‍ മഥിക്കാതിരിക്കട്ടെ,
മാന്യത പൊയ്മുഖമണിയാതിരിക്കട്ടെ.
വ്യര്‍ത്ഥസംഹിതകള്‍ക്കര്‍ത്ഥം നശിക്കട്ടെ,
സ്വാര്‍ത്ഥമോഹങ്ങള്‍ ചുഴലാതിരിക്കട്ടെ.
അറിവിന്‍ വെളിച്ചത്തിലന്ധത മാറട്ടെ,
നെറിവും നേരുമായ് നീതിയും പുലരട്ടെ.
അല്‍പ്പത്തമല്‍പ്പവും തീണ്ടാതിരിക്കട്ടെ,
വ്യല്‍പ്പത്തിയോടേതു വിദ്യയും ഗ്രഹിക്കട്ടെ.
ആയൂരാരോഗ്യ സൗഭാഗ്യങ്ങളോടേവമീ-
ജ്ജീവിതം ജീവിക്കാന്‍ ദൈവം തുണക്കട്ടെ!

Saturday, June 8, 2013

പ്രണയിനിക്കൊരു സന്ദേശം


പ്രണയിനീ.....
എന്നെ വിശ്വസിക്കരുത്
നിന്‍റെ വിശ്വാസം കാത്തു സൂക്ഷിക്കാന്‍
എനിക്കു ചിലപ്പോള്‍ കഴിഞ്ഞില്ലെന്നു വരും.
പ്രണയിനീ.....
എന്നെ ആശ്രയിക്കരുത്
എല്ലായിപ്പോഴും നിന്‍റെ രക്ഷകനാകാന്‍
എനിക്കു കഴിഞ്ഞില്ലെന്നു വരും.
പ്രണയിനീ.....
എന്നോടു കല്പിക്കരുത്
നിന്‍റെ കല്പനകളെല്ലാം അനുസരിക്കാന്‍
എനിക്കു ചിലപ്പോള്‍ കഴിഞ്ഞില്ലെന്നു വരും.
പ്രണയിനീ.....
എന്നെ പിന്‍തുടരരുത്
പെരുവഴിയില്‍ നിന്നെ തനിച്ചാക്കി
ഞാന്‍ ചിലപ്പോള്‍ അപ്രത്യക്ഷനായിയെന്നു വരാം.
പ്രണയിനീ.....
എന്നില്‍ നീ പ്രതീക്ഷകള്‍ അര്‍പ്പിക്കരുത്
നിന്‍റെ പ്രതീക്ഷകള്‍ ചിലപ്പോള്‍
പൊലിഞ്ഞുപോയീയെന്നു വരാം.
പ്രണയിനീ.....
ഞാന്‍ സത്യസന്ധനായിരിക്കണമെന്നു ശഠിക്കരുത്
എല്ലാ സത്യങ്ങളും എല്ലായിപ്പോഴും പാലിക്കാന്‍
എനിക്കു കഴിഞ്ഞെന്നു വരില്ല.
പ്രണയിനീ.....
എന്‍റെ നേരെ വിരല്‍ ചൂണ്ടരുത്
നിന്‍റെ ചൂണ്ടുവിരല്‍ ചിലപ്പോള്‍
ശൂന്യതയിലേക്കു നീണ്ടു സ്തംഭിച്ചു പോയേക്കാം!
പ്രണയിനീ.....
എന്‍റെയുള്ളില്‍ വിലപിടിപ്പുള്ളതായിട്ടൊന്നുമില്ല.
പഞ്ചഭൂതങ്ങളില്‍ ലയിച്ചുചേരാനുള്ള
ഈ ശരീരമല്ലാതെ!
എന്‍റെയുള്ളിലെ ഏകാന്തതടവുകാരന്‍
ഇനി പരോളിന് അപേക്ഷിക്കുന്നില്ല!
അതുകൊണ്ടു പ്രണയിനീ.....
നമുക്കിനി പിരിയാം.
നിനക്കായിയൊരു രക്ഷകന്‍
വരുമെന്നു കരുതാം.


Friday, June 8, 2012

യോഗനിദ്ര

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നെണീറ്റ്
സ്നാനാദികര്‍മ്മങ്ങളെ ചെയത്
പ്രണവാക്ഷരി മൂന്നുരുവിട്ട ശേഷം
ശവാസനത്തില്‍ ശരീരത്തെ ബന്ധിച്ച്
യോഗനിദ്രയിലാണ്ടിരിക്കുന്നൂ സ്വാമിജി!
ഇനി പ്രഭാതം ഇഡ്ഡലി സാമ്പാറുമായി
വാതിലില്‍ മുട്ടിവിളിക്കുന്നതു വരെ
സ്വാമിജി യോഗനിദ്രയിലായിരിക്കും!
വെളുപ്പിനുള്ള ട്രെയിന്‍ പിടിക്കാന്‍
തത്രപ്പെടുന്ന വെറും ലൗകികര്‍ക്ക്
യോഗനിദ്രയെക്കുറിച്ച് എന്തറിയാം!

Saturday, June 2, 2012

ചെമ്പരത്തിപ്പൂവ്

ഹൃദയം തുറന്നു കാണിച്ചിട്ടും
അത് ചെമ്പരത്തിപ്പൂവാണെന്നു പറഞ്ഞവള്‍ക്ക്
ഒരു ചെമ്പരത്തിപ്പൂവ് സമ്മാനിച്ച്
ഞാനെന്‍റെ ഹൃദയം തിരികെ വാങ്ങി.
ഇനി, ചെമ്പരത്തിപ്പൂക്കള്‍ക്കു
വംശനാശം സംഭവിക്കുന്നതു വരെ
ഞാനെന്‍റെ ഹൃദയം
ആര്‍ക്കും പണയം വയ്ക്കുന്നില്ല.
പലിശഭാരം താങ്ങാനാവുന്നില്ല.
ഒരു ചെമ്പരത്തിപ്പൂവിന്‍റെ വിലപോലുമില്ലാത്ത
ഹൃദയത്തിന്‍റെ ഉടമയെന്നു പുച്ഛിച്ചകന്നവള്‍ക്ക്
ഹൃദയത്തിന്‍റെ ഭാഷയില്‍
നല്ല നമസ്ക്കാരം!


Saturday, May 26, 2012

കുറിപ്പടി

രോഗി ഇഛിച്ചതൊന്നും
വൈദ്യന്‍ കല്‍പ്പിക്കുന്നില്ല.
വൈദ്യന്‍ ഇഛിച്ചതെല്ലാം
രോഗി നിറവേറ്റുന്നുമുണ്ട്.
എന്നിട്ടുമെന്തേ രോഗം മാറാത്തത്!
ഒടുവില്‍,
സൂക്ഷ്മമായ രോഗപരിശോധനയില്‍,
രോഗമാര്‍ക്കെന്നും
രോഗമെന്തെന്നും
വെളിവായതിന്‍പ്രകാരം
കുറിപ്പടി:
'വൈദ്യാ നീയാദ്യം സ്വയം ചികില്‍സിക്കുക'!

Saturday, May 5, 2012

പൊല്ലാപ്പ്

സ്തുതി ഗീതം

.......അതു കൊണ്ട് വരുവിന്‍ കൂട്ടരേ
ഒരുമയോടെ നിന്ന് നമ്മുടെ അരുമ നേതാവിനു
സ്തുതിഗീതം പാടുവിന്‍!
അവന്‍ കേള്‍ക്കാന്‍ കൊതിക്കുന്ന ശബ്ദം മാത്രം
നിങ്ങളുടെ കണ്ഠനാളങ്ങളില്‍ നിന്നുയരട്ടെ!

പൊല്ലാപ്പ്

രണ്ടും രണ്ടും നാലാകാം
നാലരയാകാം, മൂന്നാകാം
തീര്‍ച്ചയില്ലെനിക്ക്; തീര്‍പ്പാക്കാന്‍
ആളു വേറെയുണ്ടല്ലോ!
നാലാള്‍ കേള്‍ക്കെപ്പറയരുതുത്തരം
നാവിന്‍തുമ്പത്തുണ്ടെന്നാലും
മേലാളന്‍മാരറിഞ്ഞുപോയാല്‍
നാമിതു പറവതു പൊല്ലാപ്പ്!


Saturday, April 21, 2012

കാളപ്പോര്

വിശക്കുന്ന കാള
പുല്‍മേടുകള്‍ സ്വപ്നം കാണും.
വയറു നിറഞ്ഞുകഴിഞ്ഞാലത്
ഇണയെ സ്വപ്നം കാണും.
വിശപ്പും കാമവും ശമിച്ചുകഴിഞ്ഞാല്‍പ്പിന്നെ
കാളകളുടെ രാജാവാകാന്‍ മോഹം!
കാളകളുടെ എണ്ണം കൂടിയും
വിഭവങ്ങള്‍ കുറഞ്ഞുമിരിക്കുമ്പോള്‍
കാളകള്‍ തമ്മിലുള്ള സംഘര്‍ഷം സ്വാഭാവികം.
അങ്ങനെയാണ് കാളപ്പോരുകള്‍ ഉണ്ടാകുന്നത്!
അങ്ങനെയാണ് 'കാളസ്ഥാനും' , കാളാധിപത്യവും
കാളനിയമങ്ങളും നിലവില്‍ വരുന്നത്!