Saturday, October 9, 2010

യന്ത്രമനുഷൃന്‍

യന്ത്രമനുഷൃന്‍

പുതിയൊരു യന്ത്രമനുഷൃന്‍ വന്നെത്തിയത്രെ,
ഉത്തരാധുനിക യന്ത്ര മനുഷൃന്‍!
ഇനി........
കണ്വാശ്രമകനൃകയുടെ കണ്ണീരിലെ
ലീനതാപം
ലവണാംശം
ദുഃഖസാന്ദ്രത
എല്ലാം അവന്‍ അളന്നെടുക്കും
അതിനാല്‍........
പ്രണയികളേ നിങ്ങള്‍
പ്രണയിച്ചുപോകുമ്പോള്‍
പ്രണയരസങ്ങളില്‍
അന്തഃഗ്രന്ഥികള്‍ സ്രവിക്കരുത്
ഗ്രന്ഥീസ്രവങ്ങള്‍ മാത്രമാണ്
പ്രണയമെന്ന് അവന്‍ വിധിച്ചേക്കും.

Friday, October 8, 2010

കാലത്തിന്‍റെ കണക്കു പുസ്തകം

രണ്ടും രണ്ടും നാലാകാം
നാലരയാകാം മൂന്നാകാം
തീര്‍ച്ചയില്ലെനിക്ക്, തീര്‍പ്പാക്കാന്‍
ആളു വേറെയുണ്ടല്ലോ!
കൂട്ടിയ കണക്കുകളാകെ തെറ്റി
ബാക്കിപത്രങ്ങള്‍ ചിതലരിച്ചെങ്കിലും
കുട്ടിയും കിഴിച്ചും കാലം പോക്കാന്‍
വേണമെനിക്കൊരു ഗുണനപട്ടിക!
കാലത്തിന്‍റെ കണക്കു പുസ്തകത്തിലാരോ
കാരണം കാണിക്കല്‍ നോട്ടീസ്
മടക്കി വച്ചിരിക്കുന്നു.

പൊളിച്ചടുക്കും കാലം

പൊളിച്ചടുക്കും കാലം

ഉയരത്തിലുയരുന്ന പ്രഭുത്വം
ആഴത്തിലാഴുന്ന സമത്വം
തഴക്കുന്ന തന്‍പ്രമാണിത്വം
തകരുന്ന വൃക്തിത്വബോധം!

ഫണമെടുത്താടുന്ന മൂര്‍ഖത്വം
കടംകഥയായ പരിപാവനത്വം
വിപരീത വാങ്മയപടുത്വം
വിജനത്തിലായ ഗുരുത്വം!

മുച്ചുവടു തിരയുന്ന വാമനത്വം
ലക്ഷൃമറ്റുലയും യുവത്വം
അടിപൊളിയാണത്രെ ജീവിതം
എല്ലാം പൊളിച്ചടക്കീടുമോ കാലം!

Saturday, October 2, 2010

ഭാക്ഷ

ഭാക്ഷ

അലക്കിതേച്ച ഭാക്ഷ
ചതുരവടിവിലിറങ്ങി  വന്ന്
ഉത്ബോധനങ്ങള്‍ വിളമ്പുന്നു.
ആത്മാവ് നഷ്ടപ്പെട്ട ഭാക്ഷ
അകലങ്ങളില്‍ നിന്ന്
അധീശസ്വരത്തില്‍
അച്ചടക്കത്തിന്‍റെ വാളുയര്‍ത്തുന്നു.
ഞങ്ങള്‍ക്കു തിരിയാത്തേതോ ഭാക്ഷയില്‍,
കണക്കുകൂട്ടല്‍ യന്ത്രങ്ങളിലെ
ചതുരക്കള്ളികളില്‍,
ഞങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കപ്പെടുന്നു.
ഭാക്ഷയ്ക്കിപ്പോള്‍ ശീതികരിക്കപ്പെട്ട
കൊക്കോകോളയുടെ രുചിയാണ്!
പഞ്ചനക്ഷത്ര ഹോട്ടലുകളിലെ
പച്ചപ്പരവതാനികളിലത്
നിരന്തരം നിമന്ത്രണം ചെയ്യപ്പെടുന്നു.
എങ്കിലും ഞങ്ങളടിയാളര്‍ക്ക്
ചവച്ചരയ്ക്കാന്‍  രാഷ് ട്രീയവും,
നുണഞ്ഞിറക്കാന്‍  ടെലിസീരിയലും,
ലഹരിനിറയ്ക്കാന്‍ ക്രിക്കറ്റും,
നിറഞ്ഞുതുള്ളാന്‍ സിനിമാഡാന്‍സും,
എരിഞ്ഞടങ്ങാന്‍ കണ്ണീരുമുണ്ടല്ലോ!

Sunday, August 8, 2010

ആടി അറുതി

ആടി അറുതി
അടിച്ചു വാരി, അകം തുടച്ച്
അളിഞ്ഞതും പൊളിഞ്ഞതും
പുറത്തു കളഞ്ഞ്,
മുഷിഞ്ഞ ശീലകള്‍
എരിച്ചു കളഞ്ഞ്,
തിരിച്ചു വന്നപ്പോള്‍
മുത്തശ്ശിയെ കണ്‍ടില്ല!
പുറത്തു കളഞ്ഞതോ?
എരിച്ചു കളഞ്ഞതോ?
ആടി അറുതി
ശ്രീദേവി അകത്ത്
മൂതേവി പുറത്ത്!

ഫ്ളോര്‍ മില്‍

ഇവിടെ
    അരി ആട്ടിയും പൊടിച്ചും
    നല്‍കുന്നതാണ്
ഇവിടെ
    പ്രതൃയശാസ്ത്രങ്ങള്‍
    ആവശൃാനുസരണം
    അവസരവാദത്തിന്‍റെ മൂശയിലിട്ട്
    വളച്ചൊടിച്ചും മലക്കം മറിച്ചും
    നല്‍കുന്നതാണ്!
ഇവിടെ
    ആശയങ്ങള്‍
    ആമാശയങ്ങള്‍ക്കിങ്ങും വിധം
    അസതൃങ്ങളും അര്‍ദ്ധസതൃങ്ങളും ചേര്‍ത്ത്
    ഗീബല്‍സിയന്‍ യന്ത്രങ്ങളില്‍ അരച്ച്
    ശരിയുടെ കുത്തക ചാര്‍ത്തി
    മൊത്തമായും ചില്ലറയായും
    നല്‍കുന്നതാണ്!
ഇവിടെ
    തത്വാധിഷ്ടിത നിലാടുകള്‍
    ആവശൃാധിഷ്ടിത ഭൗതികവാദത്തില്‍ ലയിപ്പിച്ച്
    വരട്ടുതത്വവാദത്തില്‍ തിളപ്പിച്ച്
    വിപ്ളവ വീരൃം സമം ചേര്‍ത്ത്
    വിലയീടാക്കാതെയും നല്‍കുന്നതാണ്!
ഇവിടെ
    ആചാരവെടിമരുന്നും
    സമരവഴിപാടു ദ്രവൃങ്ങളും
    കപടവേഷങ്ങളും
    കൗടില്ലൃ നൃായങ്ങളും
    പ്രഹസന ജാലങ്ങളും
    അധികാര ഗര്‍വ്വങ്ങളും
    നിര്‍വ്വാണ ഗീര്‍വാണങ്ങളും
    ഓര്‍ഡര്‍ അനുസരിച്ച് തയ്യാര്‍ ചെയ്ത്
    നല്‍കുന്നതാണ്!

Sunday, August 1, 2010

ശരി

                            
അവര്‍ പറഞ്ഞതും ശരി
ഇവര്‍ പറഞ്ഞതും ശരി
അതു ശരിയെങ്കില്‍ ഇതു ശരി
ഇതു ശരിയെങ്കില്‍ അതും ശരി
ഏല്ലാരും എല്ലായിപ്പോഴും ശരി!  
ശരിയുടെ  ശതസഹസ്ര തരംഗ വിതാനങ്ങളില്‍
അന്നു പറഞ്ഞതും, പിന്നെ പറഞ്ഞതും
ഒളിച്ചു പറഞ്ഞതും, തെളിച്ചു പറഞ്ഞതും
പറയാതെ പറഞ്ഞതും, പറ കൊട്ടി പറഞ്ഞതും
അരുതെന്നു പറഞ്ഞതും, അടരാടാന്‍ പറഞ്ഞതും
കയര്‍ത്തു പറഞ്ഞതും, കനിഞ്ഞു പറഞ്ഞതും
എല്ലാം ശരി, എപ്പോഴും ശരി!
ശരികളുടെ  മഹാപ്രളയ കാലം!
ഇരവിലും  പകലിലും
മഞ്ഞിലും മഴയിലും
ദിശാമാപിനികളില്‍
ശരികളുടെ  ശരാശരി
അളന്നു കുറിച്ച്
ഞാനെന്‍റെ യാനപാത്രം
തുഴഞ്ഞു കൊണ്ടേയിരിക്കുന്നു.
ജ്ഞാനവൃദ്ധരേ
ദീപസ്തംഭങ്ങള്‍ ഇനിയും 
മിഴി തുറക്കാത്തതെന്ത്?