Thursday, December 30, 2010

പരീക്ഷ

ഒരു ലക്ഷൃം ഉണ്ടായിരിക്കുന്നത് നല്ലതാണ്

പിന്നെയൊരിക്കല്‍ ലക്ഷൃം തെറ്റിപ്പോയി

എന്നു പറയാമല്ലൊ!

ഒരു സ്വപ്നം ഉണ്ടായിരിക്കുന്നത് നല്ലതാണ്

സ്വപ്നങ്ങള്‍ വരണ്ടു പോകുന്ന കാലത്ത്

പഴയ സ്വപ്നങ്ങളെങ്കിലും ചിലപ്പോള്‍ തുണയാകും!

സ്നേഹം, ത്യാഗം ,ആതമാര്‍ത്ഥത, പങ്കുവയ്ക്കല്‍

എല്ലാം നല്ലതു തന്നെ;

പട്ടടയിലെത്തുന്നതിനു മുന്‍പ്

പ്രതിഫലം ചോദിക്കാതിരിക്കുമെങ്കില്‍!

രതി വിരതിയായും

രുചി അരുചിയായും

രസം നീരസമായും മാറുന്ന കാലത്ത്

നഷ്ടപ്പെട്ടതെന്താണെന്ന് ശരിക്കും ഓര്‍മ്മ വരും

അപ്പോഴെക്കും പരീക്ഷയുടെ സമയം

കഴിഞ്ഞു പോയിരിക്കും.

നില മെച്ചപ്പെടുത്താനുള്ള പരീക്ഷ

ഇനി അടുത്ത ജന്‍മത്തിലാകട്ടെ!

Saturday, November 13, 2010

മരണത്തൊട്ടില്‍

നിന്ദിതര്‍ക്കും, പീഢിതര്‍ക്കും
നിരാശ്രയര്‍ക്കും,നിരാലംബര്‍ക്കും
നിതൃ നിദ്രയില്‍ വിലയം പ്രാപിക്കാന്‍
ഇതാ ഒരു മരണത്തൊട്ടില്‍!
അശരണരേ
ആത്മഹതൃയ്ക്കറയ്ക്കുന്നവരേ
ഈ മരണത്തൊട്ടിലൊന്നു
പരീക്ഷിച്ചു നോക്കുവിന്‍!
വെറുതെ ഭ്രമിച്ച ഭ്രമങ്ങളും
മോഹഭംഗങ്ങളും,
ജഡവിശ്വാസങ്ങളും,
ഹൃദയഞെരുക്കങ്ങളും,
മസ്തിഷ്കച്ചുരുക്കങ്ങളും
മധുരോദാര സ്നേഹശസ്ത്രങ്ങളാല്‍ നീക്കം ചെയ്ത്
ആത്മാവിന്‍റെ മുറിവുകളുണക്കി,
മരണഭീതികളകറ്റി,
സുഖ ശീതള ശാന്ത മൃദലമാം  മരണം
ഈ മരണത്തൊട്ടില്‍
നിങ്ങള്‍ക്കുറപ്പു തരുന്നു!
അടിക്കുറിപ്പ്:
അടുത്ത  പത്തുവര്‍ഷത്തേക്ക്
മരണത്തൊട്ടില്‍ മുന്‍കൂര്‍
ബുക്കുചെയ്തുകഴിഞ്ഞുവെന്ന് അറിയിക്കുന്നു.

Sunday, November 7, 2010

പരാജിതരുടെ സത്രം

പരാജിതരുടെ സത്രം

അറിവില്‍ തോറ്റ്
അരങ്ങത്ത് തോറ്റ്
തൊഴിലില്‍ തോറ്റ്
തൊട്ടതെല്ലാം തോറ്റ്
തുഴഞ്ഞു കുഴഞ്ഞപ്പോഴാണ്
ആ സുവിശേഷം കേട്ടത്
"തോല്‍ക്കുന്നവര്‍ ഭാഗൃവാന്‍മാര്‍
എന്തു കൊണ്ടെന്നാല്‍
അവര്‍ ഒരു നാളും വിജയിക്കുന്നില്ല..
പരാജിതരെ നിങ്ങള്‍ ഭാഗൃവാന്‍മാര്‍
എന്തു കൊണ്ടെന്നാല്‍
വിജയത്തിന്‍റെ ഭാരം
നിങ്ങളുടെ ശിരസ്സില്‍ നിന്ന്
എടുത്തു മാറ്റപ്പെട്ടിരിക്കുന്നു!"
പരാജിതര്‍ക്കു മാത്രമായുള്ള
സത്രം തുറക്കുന്നതെപ്പോഴാണ്!

Sunday, October 31, 2010

മുഖത്തിന്‍റെ പരൃായങ്ങള്‍

മുഖത്തിന്‍റെ പരൃായങ്ങള്‍

മുഖത്തിന്‍റെ പരൃായമെഴുതി
ഗൃഹപാഠം തീര്‍ക്കുവാന്‍
വന്നണഞ്ഞു മകനെന്‍ ചാരെ
സഹായാഭൃര്‍ത്ഥനയുമായി!
മകന്‍റെ മുഖം കണ്ടു, പുതു
പാഠൃ പദ്ധതിയെ പഴിച്ചു
പതുക്കെ മുഖത്തിന്‍റെ
പരൃായം തിരഞ്ഞു ഞാന്‍!
മുഖമില്ലാത്തവര്‍
മുഖം മുടിയിട്ടവര്‍
മുഖം മൂടിക്കു പിന്നിലും
മുഖമില്ലാത്തവര്‍
ഇരുമുഖമുള്ളവര്‍
പലമുഖമുള്ളവര്‍
മുഖമനുനിമിഷം
മാറ്റിക്കൊണ്ടിരിക്കുന്നവര്‍!
ഒരു മുഖമുണ്ടു തനിക്കെന്നു
വെറുതെ കരുതുന്നവര്‍
മുഖം കാട്ടി വെറുതേ
കടമ തീര്‍ക്കുന്നവര്‍
പിന്നെ.........................
നിസ്സംഗത പേറുന്ന  വരണ്ട മുഖങ്ങള്‍
ദാരിദ്രൃത്തിന്‍റെ ദൈനൃ     മുഖങ്ങള്‍
ശൂനൃത നിറഞ്ഞ വൃദ്ധമുഖങ്ങള്‍
കണ്ണുനീരുറഞ്ഞ കദനമുഖങ്ങള്‍
അധികാര ഗര്‍വ്വിന്‍റെ കഠിന മുഖങ്ങള്‍
ആഢൃപ്രതാപത്തിന്‍റെ ധാര്‍ഷ്ടൃമുഖങ്ങള്‍
ആലസൃമാണ്‍ട വിരസമുഖങ്ങള്‍..........
പിന്നെ എത്രയെത്ര ദുര്‍മുഖങ്ങള്‍,
പൊയ്മുഖങ്ങള്‍,കരിമുഖങ്ങള്‍,
കല്ലിച്ച മുഖങ്ങള്‍................
ആയിരം മുഖങ്ങള്‍ ആയിരം ഭാവങ്ങള്‍
പരൃായമെങ്ങെനെ ചെറു-
പദങ്ങളിലൊതുക്കും ഞാന്‍!

Thursday, October 28, 2010

ശവദാഹം

ശവദാഹം

മൃതദേഹമേ
ഇങ്ങനെ തിരക്കു കൂട്ടരുത്
മരണാനന്തര കര്‍മ്മങ്ങള്‍ക്കു
മക്കളെത്തിച്ചേരണം
നഗരപ്രദക്ഷിണത്തിനു
തിരുമേനിമാരെത്തണം
പൊതുജനം കാണാന്‍
അറിയിപ്പു നല്‍കണം
ആചാര വെടി വയ്ക്കാന്‍
വെടിക്കാരെ വരുത്തണം
ശവദാഹശാലയില്‍
ഊഴം തെരക്കണം
മൃതദേഹമേ
മണ്ണിലേക്കു മടങ്ങാന്‍
ഇങ്ങനെ തിരക്കു കുട്ടുന്നതെന്തിന്
താങ്കളൊരനാഥനായിരുന്നില്ലെന്ന്
ഇനിയെങ്കിലും ഞങ്ങള്‍ക്കു
തെളിയിക്കേണ്ടതുണ്ട്!

Monday, October 25, 2010

കാകജന്‍മം

കാകജന്‍മം
കാക്കകള്‍ മരിക്കുന്നതെങ്ങനെയാണെന്ന്
എനിക്കറിയില്ല!
കറന്‍റുകമ്പിയില്‍ നിന്ന് ഷോക്കേറ്റു
മരിക്കുന്ന കാക്കകളെയല്ലാതെ
വയസ്സായി മരിക്കുന്ന കാക്കളെയൊന്നും
ഞാന്‍ കണ്‍ടിട്ടില്ല!
മരണസമയമടുക്കുമ്പോളവ
കാക്കതൂക്കിമലയിലെ
ഇരുണ്ട ഗര്‍ത്തങ്ങളിലേക്ക്
പറന്നു പോകാറുണട്ത്രെ!
അപ്പോഴവ 'കാ' 'കാ' യെന്നു കരയാറില്ല.
കുട്ടരില്‍ നിന്നകന്ന്,
ആരോരും കാണാതെ,
ചിറകടിയൊച്ച പോലും കേള്‍പ്പിക്കാതെ,
കാക്കതൂക്കിമലയിലെ തമോകൂപത്തിന്‍റെ വക്കില്‍
പതിയെ പറന്നിറങ്ങി,
ഒരു കാകജന്‍മം മുഴുവന്‍ കരഞ്ഞു വിളിച്ചതിന്‍റെ
വൃര്‍ത്ഥതോര്‍ത്ത് ഒരു നിമിഷം മൗനിയായി,
ഒടുവിലൊരു കാക്കച്ചിരി ചിരിച്ച്,
ചിറകുകള്‍ മെല്ലെയൊതുക്കി
അന്ധതമസ്സിന്‍റെ ആഴങ്ങളിലേക്ക്..............!

Sunday, October 17, 2010

ദീര്‍ഘഗ്രീഷ്മം

ദീര്‍ഘഗ്രീഷ്മം

ആദൃാനുരാഗം മുളച്ചു വന്നപ്പോള്‍
ഞാനവള്‍ക്കൊരു പളുങ്കുമാല സമ്മാനിച്ചു.
രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍
അവളത് എനിക്കു തിരിച്ചു തന്നു.
ഒന്നും മിണ്ടാതെ, കാണാതെ
കാണാമറയത്തവള്‍ അകന്നു പോയത്
എന്തിനാണെന്ന് എനിക്കിപ്പോഴുമറിയില്ല.

പിന്നെ , ഗ്രീഷ്മങ്ങളേറെ പിന്നിട്ട്
വന്നണഞൊരു ഹ്രസ്വ വസന്തത്തില്‍
ഞാന്‍ വിവാഹിതനായി.
മണവും മദനകാമനകളും
പൂത്തു നിന്ന ഒരു ഹ്രസ്വ വസന്തം
എത്ര പെട്ടെന്നാണത് കടന്നുപോയത്
എത്ര പെട്ടെന്നാണ് ശിശിരം കടന്നുവന്നത്
എത്ര പെട്ടെന്നാണ്  സ്വപ്നങ്ങളുടെ
ഇലകള്‍ കൊഴിഞ്ഞത്
എത്ര പെട്ടെന്നാണ്  ജീവരസം
ഉറഞ്ഞുപോയത്
എന്തുകൊണ്ടാണെല്ലാമിങ്ങനെയായെന്ന്
എനിക്കിപ്പോഴുമറിയില്ല.

പിന്നെയെപ്പോഴോ
ദീര്‍ഘഗ്രീഷ്മം വന്നണഞ്ഞതും
വിഫലകാമനകള്‍ വിയര്‍പ്പാറ്റി നിന്നതും
വിരഹരാഗങ്ങളിലപശ്രുതി ചേര്‍ന്നതും
വിരസകാണ്ഡങ്ങളലസം മറിഞ്ഞതും
വിതുമ്പോലോടെയറിയിന്നിന്നുണ്ടു ഞാന്‍.

അതിദുരമില്ലിനി സന്ധൃക്കു;
നിറംകെട്ട പകലിന്‍റെ നേരും
ചുമന്നു ഞാനെത്തി, യീപടിവാതിലി-
ന്നകമെനിറഞ്ഞ നിര്‍വ്വേദത്തെ ധൃാനിച്ച്,
കാലം നിലച്ച നിലവറയിലൊറ്റയ്ക്കു
കാത്തിരിക്കുന്നതെന്തിനാണാരെയാണ്.