Monday, March 28, 2011

മൊഴിമുള്ളുകള്‍ (3)

നോഹയുടെ പെട്ടകം
നോഹയുടെ പെട്ടകത്തി ല്‍
ഇനി ശേഷിക്കുന്നത്
പാമ്പും കീരിയും മാത്രം!
പുരാതന വൈരങ്ങള്‍ക്ക്
നോഹയുടെ മദ്ധൃസ്ഥതയില്‍
ഒരു താല്‍ക്കാലിക ഒത്തു തീര്‍പ്പ്!

തൊരട്ടി
ആദായ വിലയ്ക്ക് തൊരട്ടി വില്‍ക്കുന്നണ്ടത്രെ.
വാങ്ങി വച്ചേക്കാം
നാളെ ഒരാനയെ വാങ്ങാന്‍ കഴിഞ്ഞെങ്കിലൊ!

ശെയ്ത്താന്‍
അകത്തിരിക്കണ ശെയ്ത്താനെ അറിയാഞ്ഞിട്ടല്ല
ആട്ടിയോടിക്കാനറിയാഞ്ഞിട്ടല്ല
ഇരിക്കട്ടെ ഒരു ബലത്തിന്
മറ്റൊരു ശെയ്ത്താന്‍ എതിരെ വരുമ്പോള്‍
ആരുണ്ട് കുട്ടിന്!

മോക്ഷം
മോക്ഷം മൊത്തമായും ചില്ലറയായും കിട്ടുന്നിടത്ത്
ആരാണ് വിഷമന്വേഷിച്ചിറങ്ങുന്നത്!

നേരു നേരത്തേയറിയാന്‍
നേരു നേരായുരയ്ക്കുകില്‍
ഖേദമില്ലിത്തിരി വൈകിയാലും!

അഹം
അഹം നശിച്ചവനെന്തു വൃഥ!
അര്‍ത്ഥം നശിച്ചവനെന്തു കഥ!

Sunday, March 27, 2011

മൊഴിമുള്ളുകള്‍ (2)

രക്ഷ
മുട്ടുവിന്‍ തുറക്കപ്പെടും
മുട്ടി; തുറന്നുകണ്ടത്
പിന്നെയുമൊരടഞ്ഞ വാതില്‍!

അന്വേഷണം
അന്വേഷിക്കുവിന്‍ കണ്ടെത്തും
ആരവങ്ങള്‍ക്കു മീതെ
അനന്തതയുടെ ഗദ്ഗതം മാത്രം!

അറിവ്
അറത്തുമുറിച്ചു ഗുണിച്ചു ഹരിച്ചി-
ട്ടറിയാനിനയും ബാക്കി!
അരവയറിനിയും ബാക്കി!

കതിരു കാണാക്കിളി
കതിരുകാണാക്കിളി
ആദൃം കൊത്തിയതെല്ലാം പതിരായിരുന്നു.
പിന്നെ കൊത്തിയതെല്ലാം എതിരും!
എതിരും പതിരും കൊത്തി
പറന്നുതളര്‍ന്നപ്പോളാണവള്‍
കാവൃശാഖിയില്‍ കൂടു വച്ചത്!

അറിയിപ്പ്
വചനശുശ്രൂഷയില്‍ ദുരിതങ്ങളൊടുങ്ങാത്തവര്‍ക്ക്
ഗാനശുശ്രൂഷയില്‍  പങ്കെടുക്കാം
ഗാനശുശ്രൂഷയിലും കണ്ണുനീര്‍ തോരാത്തവര്‍ക്ക്
ഒട്ടകങ്ങളറിയാതെ ഓരോ സൂചിക്കുഴ സൗജനൃം!

സ്തുതി
കണ്‍സൂമറാനന്ദന്‍മാര്‍ക്കു സ്തുതി!
അരാഷ്ട്രീയാനന്ദന്‍മാര്‍ക്കും സ്തുതി!

Thursday, March 24, 2011

ചിരി

ആദൃമൊക്കെ ചിരിച്ചത്
ആത്മാര്‍ത്ഥമായിട്ടു തന്നെയായിരുന്നു.
അന്തസ്സാരശൂനൃനെന്ന്
ആളുകള്‍ കരുതിയെങ്കിലും.
പിന്നെപ്പിന്നെ ചിരി
വിളിപ്പുറത്തു വരാതെയായി.
എങ്കിലും ചിറി കോട്ടി,
ചിരിപോലെയെന്തോ ചിരിച്ചെന്നു വരുത്തി
ചിരിസന്ദര്‍ഭങ്ങളില്‍ ചരിതാര്‍ത്ഥനായി!
ദുര്‍വ്വാസ്സാവെന്ന്
ആളുകള്‍ കരുതിയെങ്കിലും.
നിഘണ്ടുവില്‍ ചിരിയുടെ നാനാര്‍ത്ഥങ്ങള്‍!
ചിരിശാസ്ത്രഞ്ജന്‍്റെ മനശാസ്ത്ര നിരീക്ഷണങ്ങള്‍!
തരം പോലെ ചുണ്ടില്‍ തിരുകാന്‍
വരം പോലെ വിളിച്ചു വരുത്താന്‍
കരം കൊടുക്കേണ്ടൊരാള്‍ക്കും
പൊള്ളത്തരമാണെങ്കിലങ്ങനെയാകട്ടെ
ആളുകളിനിയൊന്നുംകരുതില്ലല്ലോ..........!

Thursday, December 30, 2010

പരീക്ഷ

ഒരു ലക്ഷൃം ഉണ്ടായിരിക്കുന്നത് നല്ലതാണ്

പിന്നെയൊരിക്കല്‍ ലക്ഷൃം തെറ്റിപ്പോയി

എന്നു പറയാമല്ലൊ!

ഒരു സ്വപ്നം ഉണ്ടായിരിക്കുന്നത് നല്ലതാണ്

സ്വപ്നങ്ങള്‍ വരണ്ടു പോകുന്ന കാലത്ത്

പഴയ സ്വപ്നങ്ങളെങ്കിലും ചിലപ്പോള്‍ തുണയാകും!

സ്നേഹം, ത്യാഗം ,ആതമാര്‍ത്ഥത, പങ്കുവയ്ക്കല്‍

എല്ലാം നല്ലതു തന്നെ;

പട്ടടയിലെത്തുന്നതിനു മുന്‍പ്

പ്രതിഫലം ചോദിക്കാതിരിക്കുമെങ്കില്‍!

രതി വിരതിയായും

രുചി അരുചിയായും

രസം നീരസമായും മാറുന്ന കാലത്ത്

നഷ്ടപ്പെട്ടതെന്താണെന്ന് ശരിക്കും ഓര്‍മ്മ വരും

അപ്പോഴെക്കും പരീക്ഷയുടെ സമയം

കഴിഞ്ഞു പോയിരിക്കും.

നില മെച്ചപ്പെടുത്താനുള്ള പരീക്ഷ

ഇനി അടുത്ത ജന്‍മത്തിലാകട്ടെ!

Saturday, November 13, 2010

മരണത്തൊട്ടില്‍

നിന്ദിതര്‍ക്കും, പീഢിതര്‍ക്കും
നിരാശ്രയര്‍ക്കും,നിരാലംബര്‍ക്കും
നിതൃ നിദ്രയില്‍ വിലയം പ്രാപിക്കാന്‍
ഇതാ ഒരു മരണത്തൊട്ടില്‍!
അശരണരേ
ആത്മഹതൃയ്ക്കറയ്ക്കുന്നവരേ
ഈ മരണത്തൊട്ടിലൊന്നു
പരീക്ഷിച്ചു നോക്കുവിന്‍!
വെറുതെ ഭ്രമിച്ച ഭ്രമങ്ങളും
മോഹഭംഗങ്ങളും,
ജഡവിശ്വാസങ്ങളും,
ഹൃദയഞെരുക്കങ്ങളും,
മസ്തിഷ്കച്ചുരുക്കങ്ങളും
മധുരോദാര സ്നേഹശസ്ത്രങ്ങളാല്‍ നീക്കം ചെയ്ത്
ആത്മാവിന്‍റെ മുറിവുകളുണക്കി,
മരണഭീതികളകറ്റി,
സുഖ ശീതള ശാന്ത മൃദലമാം  മരണം
ഈ മരണത്തൊട്ടില്‍
നിങ്ങള്‍ക്കുറപ്പു തരുന്നു!
അടിക്കുറിപ്പ്:
അടുത്ത  പത്തുവര്‍ഷത്തേക്ക്
മരണത്തൊട്ടില്‍ മുന്‍കൂര്‍
ബുക്കുചെയ്തുകഴിഞ്ഞുവെന്ന് അറിയിക്കുന്നു.

Sunday, November 7, 2010

പരാജിതരുടെ സത്രം

പരാജിതരുടെ സത്രം

അറിവില്‍ തോറ്റ്
അരങ്ങത്ത് തോറ്റ്
തൊഴിലില്‍ തോറ്റ്
തൊട്ടതെല്ലാം തോറ്റ്
തുഴഞ്ഞു കുഴഞ്ഞപ്പോഴാണ്
ആ സുവിശേഷം കേട്ടത്
"തോല്‍ക്കുന്നവര്‍ ഭാഗൃവാന്‍മാര്‍
എന്തു കൊണ്ടെന്നാല്‍
അവര്‍ ഒരു നാളും വിജയിക്കുന്നില്ല..
പരാജിതരെ നിങ്ങള്‍ ഭാഗൃവാന്‍മാര്‍
എന്തു കൊണ്ടെന്നാല്‍
വിജയത്തിന്‍റെ ഭാരം
നിങ്ങളുടെ ശിരസ്സില്‍ നിന്ന്
എടുത്തു മാറ്റപ്പെട്ടിരിക്കുന്നു!"
പരാജിതര്‍ക്കു മാത്രമായുള്ള
സത്രം തുറക്കുന്നതെപ്പോഴാണ്!

Sunday, October 31, 2010

മുഖത്തിന്‍റെ പരൃായങ്ങള്‍

മുഖത്തിന്‍റെ പരൃായങ്ങള്‍

മുഖത്തിന്‍റെ പരൃായമെഴുതി
ഗൃഹപാഠം തീര്‍ക്കുവാന്‍
വന്നണഞ്ഞു മകനെന്‍ ചാരെ
സഹായാഭൃര്‍ത്ഥനയുമായി!
മകന്‍റെ മുഖം കണ്ടു, പുതു
പാഠൃ പദ്ധതിയെ പഴിച്ചു
പതുക്കെ മുഖത്തിന്‍റെ
പരൃായം തിരഞ്ഞു ഞാന്‍!
മുഖമില്ലാത്തവര്‍
മുഖം മുടിയിട്ടവര്‍
മുഖം മൂടിക്കു പിന്നിലും
മുഖമില്ലാത്തവര്‍
ഇരുമുഖമുള്ളവര്‍
പലമുഖമുള്ളവര്‍
മുഖമനുനിമിഷം
മാറ്റിക്കൊണ്ടിരിക്കുന്നവര്‍!
ഒരു മുഖമുണ്ടു തനിക്കെന്നു
വെറുതെ കരുതുന്നവര്‍
മുഖം കാട്ടി വെറുതേ
കടമ തീര്‍ക്കുന്നവര്‍
പിന്നെ.........................
നിസ്സംഗത പേറുന്ന  വരണ്ട മുഖങ്ങള്‍
ദാരിദ്രൃത്തിന്‍റെ ദൈനൃ     മുഖങ്ങള്‍
ശൂനൃത നിറഞ്ഞ വൃദ്ധമുഖങ്ങള്‍
കണ്ണുനീരുറഞ്ഞ കദനമുഖങ്ങള്‍
അധികാര ഗര്‍വ്വിന്‍റെ കഠിന മുഖങ്ങള്‍
ആഢൃപ്രതാപത്തിന്‍റെ ധാര്‍ഷ്ടൃമുഖങ്ങള്‍
ആലസൃമാണ്‍ട വിരസമുഖങ്ങള്‍..........
പിന്നെ എത്രയെത്ര ദുര്‍മുഖങ്ങള്‍,
പൊയ്മുഖങ്ങള്‍,കരിമുഖങ്ങള്‍,
കല്ലിച്ച മുഖങ്ങള്‍................
ആയിരം മുഖങ്ങള്‍ ആയിരം ഭാവങ്ങള്‍
പരൃായമെങ്ങെനെ ചെറു-
പദങ്ങളിലൊതുക്കും ഞാന്‍!