Sunday, August 8, 2010

ആടി അറുതി

ആടി അറുതി
അടിച്ചു വാരി, അകം തുടച്ച്
അളിഞ്ഞതും പൊളിഞ്ഞതും
പുറത്തു കളഞ്ഞ്,
മുഷിഞ്ഞ ശീലകള്‍
എരിച്ചു കളഞ്ഞ്,
തിരിച്ചു വന്നപ്പോള്‍
മുത്തശ്ശിയെ കണ്‍ടില്ല!
പുറത്തു കളഞ്ഞതോ?
എരിച്ചു കളഞ്ഞതോ?
ആടി അറുതി
ശ്രീദേവി അകത്ത്
മൂതേവി പുറത്ത്!

ഫ്ളോര്‍ മില്‍

ഇവിടെ
    അരി ആട്ടിയും പൊടിച്ചും
    നല്‍കുന്നതാണ്
ഇവിടെ
    പ്രതൃയശാസ്ത്രങ്ങള്‍
    ആവശൃാനുസരണം
    അവസരവാദത്തിന്‍റെ മൂശയിലിട്ട്
    വളച്ചൊടിച്ചും മലക്കം മറിച്ചും
    നല്‍കുന്നതാണ്!
ഇവിടെ
    ആശയങ്ങള്‍
    ആമാശയങ്ങള്‍ക്കിങ്ങും വിധം
    അസതൃങ്ങളും അര്‍ദ്ധസതൃങ്ങളും ചേര്‍ത്ത്
    ഗീബല്‍സിയന്‍ യന്ത്രങ്ങളില്‍ അരച്ച്
    ശരിയുടെ കുത്തക ചാര്‍ത്തി
    മൊത്തമായും ചില്ലറയായും
    നല്‍കുന്നതാണ്!
ഇവിടെ
    തത്വാധിഷ്ടിത നിലാടുകള്‍
    ആവശൃാധിഷ്ടിത ഭൗതികവാദത്തില്‍ ലയിപ്പിച്ച്
    വരട്ടുതത്വവാദത്തില്‍ തിളപ്പിച്ച്
    വിപ്ളവ വീരൃം സമം ചേര്‍ത്ത്
    വിലയീടാക്കാതെയും നല്‍കുന്നതാണ്!
ഇവിടെ
    ആചാരവെടിമരുന്നും
    സമരവഴിപാടു ദ്രവൃങ്ങളും
    കപടവേഷങ്ങളും
    കൗടില്ലൃ നൃായങ്ങളും
    പ്രഹസന ജാലങ്ങളും
    അധികാര ഗര്‍വ്വങ്ങളും
    നിര്‍വ്വാണ ഗീര്‍വാണങ്ങളും
    ഓര്‍ഡര്‍ അനുസരിച്ച് തയ്യാര്‍ ചെയ്ത്
    നല്‍കുന്നതാണ്!

Sunday, August 1, 2010

ശരി

                            
അവര്‍ പറഞ്ഞതും ശരി
ഇവര്‍ പറഞ്ഞതും ശരി
അതു ശരിയെങ്കില്‍ ഇതു ശരി
ഇതു ശരിയെങ്കില്‍ അതും ശരി
ഏല്ലാരും എല്ലായിപ്പോഴും ശരി!  
ശരിയുടെ  ശതസഹസ്ര തരംഗ വിതാനങ്ങളില്‍
അന്നു പറഞ്ഞതും, പിന്നെ പറഞ്ഞതും
ഒളിച്ചു പറഞ്ഞതും, തെളിച്ചു പറഞ്ഞതും
പറയാതെ പറഞ്ഞതും, പറ കൊട്ടി പറഞ്ഞതും
അരുതെന്നു പറഞ്ഞതും, അടരാടാന്‍ പറഞ്ഞതും
കയര്‍ത്തു പറഞ്ഞതും, കനിഞ്ഞു പറഞ്ഞതും
എല്ലാം ശരി, എപ്പോഴും ശരി!
ശരികളുടെ  മഹാപ്രളയ കാലം!
ഇരവിലും  പകലിലും
മഞ്ഞിലും മഴയിലും
ദിശാമാപിനികളില്‍
ശരികളുടെ  ശരാശരി
അളന്നു കുറിച്ച്
ഞാനെന്‍റെ യാനപാത്രം
തുഴഞ്ഞു കൊണ്ടേയിരിക്കുന്നു.
ജ്ഞാനവൃദ്ധരേ
ദീപസ്തംഭങ്ങള്‍ ഇനിയും 
മിഴി തുറക്കാത്തതെന്ത്?