Friday, July 29, 2011

മൗനമന്ദഹാസം

സ്വപ്നങ്ങള്‍ കാണാന്‍ പറഞ്ഞവരുടെ
മണിമേടകള്‍  പിന്നിട്ട്,
മോഹങ്ങള്‍ മരിച്ചടക്കിയ
ശവപ്പറമ്പുകള്‍  പിന്നിട്ട്,
അധിക്ഷേപത്തിന്‍റേയും,

നിരാസത്തിന്‍റേയും
കഠിന തീരങ്ങള്‍ പിന്നിട്ട്,
ഒരിക്കലും തീരാത്ത ദുര്‍ഘട പാതകളില്‍,
ഉച്ചപ്പൊരിവെയിലില്‍,
കരുണവൃക്ഷത്തണല്‍
തേടിയലഞ്ഞപ്പോഴാണ്, ഗൗതമന്
യഥാതത്ഥൃത്തിന്‍റെ ബോധോദയമുണ്ടായത്!
ആരവങ്ങള്‍ക്കിടയില്‍ നിന്നും
അതിജീവനത്തിന്‍റെ പൊരുള്‍ തേടിയവര്‍ക്ക്
മറുപടി ഒരു മൗനമന്ദഹാസം മാത്രം!

Friday, July 22, 2011

കഥ

കഥ കേട്ടു വന്നവരും
കഥ കേട്ടു പോയവരും
കഥയില്ലാതായവരും
ഒരു കഥ മാത്രമായ്.....!

ആ കഥയ്ക്കീക്കഥ വന്നല്ലൊ
ഈ കഥയ്ക്കാക്കഥ പാഴല്ലോ
പാഴ്ക്കഥ പാറ്റി
പുതുക്കഥ തോറ്റി
കതിരും പതിരും തെരഞ്ഞല്ലോ
കതിരേത്? പതിരേത്?

Saturday, July 16, 2011

ഇടവേള

നീയെന്തു ചെയ്യുന്നു സോദരാ......?
"ഞാനെന്‍റെ ദുര്‍വിധി
കൊറിച്ചുകൊണ്ടിരിക്കുന്നു."
ചാവേര്‍പ്പടകളൊഴിഞ്ഞുവല്ലോ
ചാവിന്‍റെ പുരം കഴിഞ്ഞുവല്ലോ
തീവെട്ടി,ബോംബുക,ളട്ടഹാസങ്ങളും
കാക്കിയും ബൂട്സുമൊഴിഞ്ഞുവല്ലോ
ഇതൊരിടവേള,യിടവേള മാത്രം
നാളെ പകലുകള്‍ വീണ്ടും ചുവക്കാം
അതിനുമുമ്പൊരുമാത്ര,മാത്രമാണെങ്കിലും
മധുര സ്വപ്നങ്ങളെ തഴുകാം

Friday, July 8, 2011

സ്വര്‍ഗ്ഗ വാതില്‍

പാതി വെന്ത വേദാന്തം
പാകത്തിനെടുത്ത്
സ്തോത്രസങ്കീര്‍ത്തനങ്ങള്‍
നാലെണ്ണം ചേര്‍ത്ത്
ഓങ്കാരത്തില്‍ ലയിപ്പിച്ച്
നോമ്പുവൃതത്തിനു മുമ്പും പിമ്പും
നേരാംവണ്ണമകത്താക്കില്‍
സ്വര്‍ഗ്ഗം നമ്മുടെ  പടിവാതില്‍ക്കല്‍!

Saturday, July 2, 2011

ബൗദ്ധം

ശൂനൃതയുടെ
നിതൃമായ ഉദാസീനതയില്‍
ഉണ്‍മയുടെ തുടക്കം!
ആത്മബോധത്തിന്‍റെ
തേജഃപ്രസരം!
കരുണക്കടല്‍ ബോധിസ്വത്വം.
മധുരം, മനോഞ്ജം മൃദുമന്ദഹാസം!
പ്രശാന്ത ഗംഭീരം
ഗിരിശ്രിംഗ കാന്തി!
സുതാരൃ വജ്ജ്രകഠിനം
മഹായാനമാര്‍ഗ്ഗം!