Friday, June 8, 2012

യോഗനിദ്ര

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നെണീറ്റ്
സ്നാനാദികര്‍മ്മങ്ങളെ ചെയത്
പ്രണവാക്ഷരി മൂന്നുരുവിട്ട ശേഷം
ശവാസനത്തില്‍ ശരീരത്തെ ബന്ധിച്ച്
യോഗനിദ്രയിലാണ്ടിരിക്കുന്നൂ സ്വാമിജി!
ഇനി പ്രഭാതം ഇഡ്ഡലി സാമ്പാറുമായി
വാതിലില്‍ മുട്ടിവിളിക്കുന്നതു വരെ
സ്വാമിജി യോഗനിദ്രയിലായിരിക്കും!
വെളുപ്പിനുള്ള ട്രെയിന്‍ പിടിക്കാന്‍
തത്രപ്പെടുന്ന വെറും ലൗകികര്‍ക്ക്
യോഗനിദ്രയെക്കുറിച്ച് എന്തറിയാം!

Saturday, June 2, 2012

ചെമ്പരത്തിപ്പൂവ്

ഹൃദയം തുറന്നു കാണിച്ചിട്ടും
അത് ചെമ്പരത്തിപ്പൂവാണെന്നു പറഞ്ഞവള്‍ക്ക്
ഒരു ചെമ്പരത്തിപ്പൂവ് സമ്മാനിച്ച്
ഞാനെന്‍റെ ഹൃദയം തിരികെ വാങ്ങി.
ഇനി, ചെമ്പരത്തിപ്പൂക്കള്‍ക്കു
വംശനാശം സംഭവിക്കുന്നതു വരെ
ഞാനെന്‍റെ ഹൃദയം
ആര്‍ക്കും പണയം വയ്ക്കുന്നില്ല.
പലിശഭാരം താങ്ങാനാവുന്നില്ല.
ഒരു ചെമ്പരത്തിപ്പൂവിന്‍റെ വിലപോലുമില്ലാത്ത
ഹൃദയത്തിന്‍റെ ഉടമയെന്നു പുച്ഛിച്ചകന്നവള്‍ക്ക്
ഹൃദയത്തിന്‍റെ ഭാഷയില്‍
നല്ല നമസ്ക്കാരം!


Saturday, May 26, 2012

കുറിപ്പടി

രോഗി ഇഛിച്ചതൊന്നും
വൈദ്യന്‍ കല്‍പ്പിക്കുന്നില്ല.
വൈദ്യന്‍ ഇഛിച്ചതെല്ലാം
രോഗി നിറവേറ്റുന്നുമുണ്ട്.
എന്നിട്ടുമെന്തേ രോഗം മാറാത്തത്!
ഒടുവില്‍,
സൂക്ഷ്മമായ രോഗപരിശോധനയില്‍,
രോഗമാര്‍ക്കെന്നും
രോഗമെന്തെന്നും
വെളിവായതിന്‍പ്രകാരം
കുറിപ്പടി:
'വൈദ്യാ നീയാദ്യം സ്വയം ചികില്‍സിക്കുക'!

Saturday, May 5, 2012

പൊല്ലാപ്പ്

സ്തുതി ഗീതം

.......അതു കൊണ്ട് വരുവിന്‍ കൂട്ടരേ
ഒരുമയോടെ നിന്ന് നമ്മുടെ അരുമ നേതാവിനു
സ്തുതിഗീതം പാടുവിന്‍!
അവന്‍ കേള്‍ക്കാന്‍ കൊതിക്കുന്ന ശബ്ദം മാത്രം
നിങ്ങളുടെ കണ്ഠനാളങ്ങളില്‍ നിന്നുയരട്ടെ!

പൊല്ലാപ്പ്

രണ്ടും രണ്ടും നാലാകാം
നാലരയാകാം, മൂന്നാകാം
തീര്‍ച്ചയില്ലെനിക്ക്; തീര്‍പ്പാക്കാന്‍
ആളു വേറെയുണ്ടല്ലോ!
നാലാള്‍ കേള്‍ക്കെപ്പറയരുതുത്തരം
നാവിന്‍തുമ്പത്തുണ്ടെന്നാലും
മേലാളന്‍മാരറിഞ്ഞുപോയാല്‍
നാമിതു പറവതു പൊല്ലാപ്പ്!


Saturday, April 21, 2012

കാളപ്പോര്

വിശക്കുന്ന കാള
പുല്‍മേടുകള്‍ സ്വപ്നം കാണും.
വയറു നിറഞ്ഞുകഴിഞ്ഞാലത്
ഇണയെ സ്വപ്നം കാണും.
വിശപ്പും കാമവും ശമിച്ചുകഴിഞ്ഞാല്‍പ്പിന്നെ
കാളകളുടെ രാജാവാകാന്‍ മോഹം!
കാളകളുടെ എണ്ണം കൂടിയും
വിഭവങ്ങള്‍ കുറഞ്ഞുമിരിക്കുമ്പോള്‍
കാളകള്‍ തമ്മിലുള്ള സംഘര്‍ഷം സ്വാഭാവികം.
അങ്ങനെയാണ് കാളപ്പോരുകള്‍ ഉണ്ടാകുന്നത്!
അങ്ങനെയാണ് 'കാളസ്ഥാനും' , കാളാധിപത്യവും
കാളനിയമങ്ങളും നിലവില്‍ വരുന്നത്!

Sunday, April 1, 2012

യമദേവനൊരു കുറിമാനം

പ്രീയപ്പെട്ട യമദേവാ,
താങ്കള്‍ ഒരിക്കല്‍ വന്ന് എന്നെ വിളിച്ചതാണ്
കൂടെ വരാന്‍
ഉടുമുണ്ട് ഉരിഞ്ഞു കളയേണ്ടതുണ്ടൊ കൂടെ വരാന്‍
എന്നുമാത്രമെ ഞാന്‍ ചോദിച്ചുള്ളു.
അത് താങ്കള്‍ക്ക്  ഇഷ്ടപ്പെട്ടില്ലെന്നു വ്യക്തം
അല്ലെങ്കില്‍ ഇതെഴുതാന്‍ ഞാനുണ്ടാവില്ലല്ലൊ.
ഏതായാലും അടുത്തതവണ താങ്കളെന്നെ
നിരാശപ്പെടുത്തുകയില്ലെന്നു കരുതുന്നു.
സ്നേഹപൂര്‍വ്വം,
       -പ്രത്യാശിച്ചു മടുത്തു പോയ ഒരു ജീവന്‍   

Saturday, March 24, 2012

പാര്‍ടി വിലക്ക്

വിപ്ലവകാരിയായിരുന്ന എന്‍റെ അപ്പുപ്പന്
എപ്പോഴാണ് വിമതപട്ടം ചാര്‍ത്തിക്കിട്ടിയതെന്ന്
എനിക്കറിയില്ല.
ഒറ്റുകാരനായി ഒതുക്കപ്പെട്ട്,
ഒറ്റപ്പെടലിന്‍റെ മരുനിലങ്ങളില്‍ ഒറ്റയ്ക്കു നടന്ന്
പതുക്കെയദ്ദേഹം വൃദ്ധനായി.
ഇപ്പോള്‍ വാര്‍ദ്ധക്യത്തിന്‍റെ അവശതയിലാണ്.
എന്‍റെ ദുരിതബാലൃത്തില്‍
എന്നെ ഒരുപാടു സഹായിച്ചിട്ടുണ്ട്.
എന്‍റെ ഷുഭിത യൗവ്വനത്തിലെ
വിപ്ലവ വ്യാമോഹങ്ങളില്‍
എന്നെ ഒരുപാടു സഹിച്ചിട്ടുണ്ട്.
ഒന്നു പോയി കാണണമെന്നുണ്ട്;
പക്ഷെ, പാര്‍ടി വിലക്കു  ലംഘിച്ച്..............?

Sunday, February 26, 2012

4 x 400 മീറ്റര്‍ റിലേ

4 x 400 മീറ്റര്‍ റിലേയില്‍
ആദ്യപാദത്തില്‍ ആദ്യം ഓടിയെത്തിയത്
ഞാനായിരുന്നു.
പക്ഷെ എന്‍റെ ബാറ്റണ്‍ ഏറ്റുവാങ്ങാന്‍
പകരക്കാരനെത്തിയിരുന്നില്ല!
ചുമതലകളുടെ ബാറ്റണും മുറുകെപ്പിടിച്ച്
രണ്ടാം പാദത്തിലും ഓട്ടം തുടര്‍ന്നു.
ഇത്തവണയെത്തിയത് രണ്ടാം സ്ഥാനത്ത്
പകരക്കാരന്‍ അപ്പോഴുമെത്തിയില്ല!
അന്തര്യാമിയായ പരിശീലകന്‍റെ
ആശ്വാസ നിര്‍ദ്ദേശങ്ങള്‍ക്കൊടുവില്‍
മൂന്നാം പാദത്തിലും ഓട്ടം തുടര്‍ന്നു.
ഇത്തവണ മൂന്നാം സ്ഥാനം.
പകരക്കാരനെ അപ്പോഴും കണ്ടില്ല!
അന്തര്യാമിയായവന്‍
'കര്‍മ്മണ്യേവാധികാരസ്ഥേ' യെന്നു കല്പിച്ചു.
നിന്‍റെ ബാറ്റണ്‍ നീ തന്നെ ചുമക്കണമെന്നര്‍ത്ഥം!
നാലാം പാദം ഓടിത്തീര്‍ക്കാനായില്ല.
ജീവിതത്തിന്‍റെ ട്രാക്കില്‍
തളര്‍ന്നു വീണ എന്‍റെ നെഞ്ചെത്ത്
ബാറ്റണെടുത്ത് കുരിശു വരച്ച്
അന്തര്യാമി അപ്രത്യക്ഷനായി!
അല്ലെങ്കിലും അവന്‍ എന്നും
അങ്ങനെ തന്നെയായിരുന്നുവല്ലൊ!

Friday, February 10, 2012

അടുത്തൂണ്‍ സമാധി

ഞാനെന്നും
എന്‍റേതെന്നും
എനിക്കെന്നും ജപിച്ച്
കഠിനതപം ചെയ്ത്
സര്‍ക്കാര്‍ ഗുമസ്ഥനായി
വരസിദ്ധി നേടി!
കാലാന്തരത്തില്‍,
അതിജീവനത്തിന്‍റെ 
കൊടുമുടിക്കയറ്റങ്ങളില്‍
ഒന്നും ഞാനല്ലെന്നും
എനിക്കല്ലെന്നും
എന്‍റേതല്ലെന്നും
തിരിച്ചറിഞ്ഞ്
അടുത്തൂണ്‍ സമാധിയായി!

Saturday, February 4, 2012

മൊഴിമുള്ളുകള്‍

വിശ്വാസം
നിന്‍റെ വിശ്വാസം നിന്നെ രക്ഷിക്കും.
എല്ലാം ഒരു മായയാണെന്നു
നീ വിശ്വസിക്കുമെങ്കില്‍ മാത്രം!

വ്യാകരണം
കര്‍ത്താവു കൈവിട്ട
ക്രീയാ കുമാരിക്കു
കര്‍മ്മ ദോഷമോ
ജന്‍മ ദോഷമോ!

കീഴടക്കല്‍
അടിച്ചു കീഴടക്കാനായില്ലെങ്കില്‍
സ്നേഹിച്ചു കീഴടക്കണം.
എങ്ങനെയെങ്കിലും കീഴടക്കണം.
കീഴടക്കാനായില്ലെങ്കില്‍
കീഴാളനെന്നു വിളിച്ചേക്കാം!
 

കളഞ്ഞു കുളിക്കല്‍
കളവു പോകാത്തതും
കളഞ്ഞു പോകാത്തതും
കളഞ്ഞു കുളിക്കല്ലേ കൂട്ടുകാരേ!

Monday, January 23, 2012

മൊഴിമുള്ളുകള്‍

അനുസരണം
ആഞ്ജാപിക്കലിന്‍റെ ഭാഷ
അന്നു സംസ്കൃതമായിരുന്നു.
ഇന്ന് ഇംഗ്ലീഷും
ഭാഷയേതായാലും
അനുസരിക്കാനാണ് പറഞ്ഞതെന്ന്
അന്നുമിന്നും അടിമയ്ക്കറിയാം.


മൃഗയാവിനോദം
മൃഗയാവിനോദത്തിന്
ഇരകള്‍ സഹകരിക്കുന്നില്ലെന്ന്
വേട്ടക്കാരുടെ പരാതി!
വേട്ടയാടപ്പെടാന്‍ മുന്നോട്ടു വരുന്ന ഇരകള്‍ക്ക്
മതിയായ സംരക്ഷണം നല്‍കുമെന്ന്
വേട്ടമുഖ്യന്‍!

കദനഭാരം
അവര്‍ വരുമെന്നറിഞ്ഞ്
കരഞ്ഞു കാണിക്കാന്‍ കുറച്ചു കണ്ണീരും
കദനത്തിന്‍റെ ചമയങ്ങളുമൊരുക്കി
ഞാന്‍ കാത്തിരുന്നു.
അവര്‍ ഇതുവരെയും വന്നില്ല.
എത്ര നാളിങ്ങനെയീ കദനഭാരം ചുമക്കും!

Saturday, January 14, 2012

മൊഴിമുള്ളുകള്‍

കടല്‍ യുക്തിവാദികള്‍
കടലില്‍ ജനിച്ച്
കടലില്‍ വളര്‍ന്ന്
കടലിലൊടുങ്ങുന്ന
കടല്‍ജീവികളില്‍ ചിലര്‍ക്ക്
കടലിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവത്രെ!
കടല്‍ യുക്തിവാദികളായിത്തീര്‍ന്നവര്‍
കര കാണാക്കടലളന്നു മുറിച്ച്
കടലലകളിലേറി വരുന്നുണ്ടത്രെ!


ഗര്‍ഭപാത്രം
ജനിച്ചു കഴിഞ്ഞ് ജീവിതമാരംഭിച്ചപ്പോള്‍
ഒരിക്കലും ജനിക്കേണ്ടിയിരുന്നില്ലെന്നു തോന്നി.
ഗര്‍ഭപാത്രത്തിലെ സുഖവും  സ്വാസ്ഥ്യവും
പിന്നെയൊരിക്കലും കിട്ടിയിട്ടേയില്ല.
മരിച്ചുകഴിഞ്ഞാല്‍
വീണ്ടുമൊരു ഗര്‍ഭപാത്രമന്വേഷിക്കണം
പത്തു മാസമെങ്കില്‍ പത്തു മാസമെങ്കിലും
മനുഷ്യനു സ്വസ്ഥമായി കഴിയാമല്ലോ....!


സര്‍വേക്കല്ല്
കാലഭൈരവന്‍ പാതി ജീവിതം അളന്നെടുത്ത്
സര്‍വേക്കല്ല് സ്ഥാപിച്ചത്
എന്‍റെ ഹൃദയത്തിന്‍റെ ഒത്ത നടുക്കായിരുന്നു!
ഒരു  കഴഞ്ച് അല്‍പം മാറ്റി സ്ഥാപിച്ചിരുന്നെങ്കില്‍
കുറച്ചു കാലം കുടെ ഈ ശരീരത്തില്‍ത്തന്നെ
ജീവിക്കാമായിരുന്നു!

Saturday, January 7, 2012

കെ.എസ്.ജോര്‍ജ് പാടുന്നു

മരണം വാതില്ക്കലൊരു നാള്‍
മഞ്ചലുമായി വന്നു നില്‍ക്കുമ്പോള്‍;
       ഒരു വലിയ ശസ്ത്രക്രീയ വേണ്ടിവരുമെന്ന്
       ഒരു ഡോക്ടര്‍!
       ഒരു ചെറിയ  ശസ്ത്രക്രീയ മതിയെന്ന്
       മറ്റൊരു ഡോക്ടര്‍!
       ശസ്ത്രക്രീയയേ വേണ്ടെന്ന്
       മൂന്നാം ഡോക്ടര്‍!
       വിദഗ്ധാഭിപ്രായത്തിനു വിടാമെന്ന്
       നാലാം ഡോക്ടര്‍!
       സമവായത്തിനു ശ്രമിക്കാമെന്ന്
       അഞ്ചാം ഡോക്ടര്‍!
       അറിയിക്കേണ്ടവരെ അറിയിച്ചോളാന്‍
       ആറാം ഡോക്ടര്‍!
ചിറകടിച്ചെന്‍ ചിന്ത തളരും നേരം
തീര്‍ത്ഥജലം തരുമോ...........
തീര്‍ത്ഥജലം തരുമോ...........!