Monday, April 25, 2011

ഗദ്ഗദക്കടല്‍

ഗദ്ഗദക്കടല്‍ നീന്തി വന്നവന്‍ ഞാന്‍
ഗതകാലസ്വപ്നത്തിരയേറി വന്നവന്‍
ഇരുളിന്‍റെയാഴത്തിലൊരു തിരിവെട്ടം
വെറുതെ വെറുതെ തെരഞ്ഞവന്‍.
വറുതികള്‍ പൂക്കുന്ന വഴിയോരങ്ങളില്‍
കരുണവൃക്ഷത്തണല്‍ തേടിയലഞ്ഞവന്‍.
ജന്‍മകര്‍മ്മങ്ങള്‍ക്കര്‍ത്ഥം തെരഞ്ഞ്
ജന്‍മമേ പാപ ഫലശ്രുതി ചേര്‍ത്തവന്‍.
നരച്ച പകലുകള്‍ക്കവസാനമിനിയെന്ന്...
ജ്വരമേറ്റ രാവുകള്‍ക്കവസാനമിനിയെന്ന്....
ധര്‍മ്മ സങ്കടങ്ങളൊടുങ്ങാത്ത കാലമേ,
ജന്‍മമേറ്റിയിനിയെത്രനാളലയണം.

Saturday, April 23, 2011

ആമയും മുയലും

മകന് ആമയുടെയും മുയലിന്‍റെയും
കഥ പറഞ്ഞു കൊടുത്തു അച്ചന്‍.
മുയലുമായുണ്ടാക്കിയ ധാരണയിലാണ്
ആമ ജയിച്ചതെന്ന് മകന്‍!
മകന്‍റെ രാഷ്ട്രീയഭാവിയോര്‍ത്ത്
അകമെ ചിരിച്ചു അച്ചന്‍!
അധികം ചിരിക്കേണ്ട, ഞാനതിലേക്കില്ല
പത്രപ്രവര്‍ത്തനമാണ് തന്‍
തട്ടകമെന്ന് മകന്‍!
ആറ്റിലേക്കുണ്ണി നീ
ചാടൊല്ലെ,ചാടൊല്ലെ,
കുലിയെഴുത്തധികനാള്‍
ശോഭിക്കില്ല!

Thursday, April 14, 2011

ഏകാങ്കം

നായകന്‍:
    "പ്രീയേ നിന്‍റെ മുല്ലപ്പൂമ്പല്ലുകളില്‍ നിന്ന്
    ദംഷ്രട്രകള്‍ വളര്‍ന്നത്
    എത്ര പെട്ടെന്നായിരുന്നു!"
നായിക:
    "പ്രീയനേ നിന്‍റെ മനോഹരമായ
    ചുരുള്‍മുടിക്കിടയില്‍ നിന്നും
    കൊമ്പുകള്‍ മുളച്ചത്
    എത്ര പെട്ടെന്നായിരുന്നു!"
രണ്‍ടുപേരും ഒത്തുചേര്‍ന്ന്:
    "ചെകുത്താന്‍റെ സന്തതികള്‍
    പിറക്കുന്നതിനു മുന്‍പേ
    നമുക്കു പിരിയാം"
    ശുഭരാത്രി!

        -കര്‍ട്ടന്‍-

Wednesday, April 13, 2011

ആകാശത്തിലെ പറവകള്‍

ആകാശത്തിലെ  പറവകള്‍
അവര്‍ പതിരുകള്‍ വിതയ്ക്കുന്നില്ലാ....
പദവികള്‍  കൊയ്യുന്നില്ല!

ആംഗലേയത്തില്‍ ചിലയ്ക്കുന്നില്ല
അടവുനയം പയറ്റുന്നില്ല
ആദര്‍ശപ്പെരുമകള്‍ കാട്ടി
ആത്മവഞ്ചന ചെയ്യുന്നില്ലാ.....
ആത്മവഞ്ചന ചെയ്യുന്നില്ല!

അവസരം പാര്‍ത്തു നടക്കുന്നില്ല
അണികളെ ഒറ്റു കൊടുക്കുന്നില്ല
ആശകള്‍ വിറ്റു കാശാക്കിയതിന്‍മേല്‍
അടയിരിക്കുന്നില്ലാ..അടയിരിക്കുന്നില്ലാ..
ആകാശത്തിലെ  പറവകള്‍

Sunday, April 10, 2011

ഓം ശാന്തി

അനന്തരം ദൈവം
രാത്രിയും പകലും സൃഷ്ടിച്ചു.
രാത്രിയെ ഭീകരസ്വപ്നങ്ങള്‍ക്കും
പകലിനെ പാഴ്ക്കിനാക്കള്‍ക്കുമായി
പകുത്തു വച്ചു.
ശേഷം ടിയാന്‍
ത്രിലോകങ്ങളേയുമുപേക്ഷിച്ച്
ത്രിശ്ശങ്കുസ്വര്‍ഗ്ഗത്തില്‍
ത്രിസന്ധ്യാനേരം നോക്കി
ധ്യാനസ്ഥനായി!
ഓം ശാന്തി!