Monday, January 23, 2012

മൊഴിമുള്ളുകള്‍

അനുസരണം
ആഞ്ജാപിക്കലിന്‍റെ ഭാഷ
അന്നു സംസ്കൃതമായിരുന്നു.
ഇന്ന് ഇംഗ്ലീഷും
ഭാഷയേതായാലും
അനുസരിക്കാനാണ് പറഞ്ഞതെന്ന്
അന്നുമിന്നും അടിമയ്ക്കറിയാം.


മൃഗയാവിനോദം
മൃഗയാവിനോദത്തിന്
ഇരകള്‍ സഹകരിക്കുന്നില്ലെന്ന്
വേട്ടക്കാരുടെ പരാതി!
വേട്ടയാടപ്പെടാന്‍ മുന്നോട്ടു വരുന്ന ഇരകള്‍ക്ക്
മതിയായ സംരക്ഷണം നല്‍കുമെന്ന്
വേട്ടമുഖ്യന്‍!

കദനഭാരം
അവര്‍ വരുമെന്നറിഞ്ഞ്
കരഞ്ഞു കാണിക്കാന്‍ കുറച്ചു കണ്ണീരും
കദനത്തിന്‍റെ ചമയങ്ങളുമൊരുക്കി
ഞാന്‍ കാത്തിരുന്നു.
അവര്‍ ഇതുവരെയും വന്നില്ല.
എത്ര നാളിങ്ങനെയീ കദനഭാരം ചുമക്കും!

Saturday, January 14, 2012

മൊഴിമുള്ളുകള്‍

കടല്‍ യുക്തിവാദികള്‍
കടലില്‍ ജനിച്ച്
കടലില്‍ വളര്‍ന്ന്
കടലിലൊടുങ്ങുന്ന
കടല്‍ജീവികളില്‍ ചിലര്‍ക്ക്
കടലിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവത്രെ!
കടല്‍ യുക്തിവാദികളായിത്തീര്‍ന്നവര്‍
കര കാണാക്കടലളന്നു മുറിച്ച്
കടലലകളിലേറി വരുന്നുണ്ടത്രെ!


ഗര്‍ഭപാത്രം
ജനിച്ചു കഴിഞ്ഞ് ജീവിതമാരംഭിച്ചപ്പോള്‍
ഒരിക്കലും ജനിക്കേണ്ടിയിരുന്നില്ലെന്നു തോന്നി.
ഗര്‍ഭപാത്രത്തിലെ സുഖവും  സ്വാസ്ഥ്യവും
പിന്നെയൊരിക്കലും കിട്ടിയിട്ടേയില്ല.
മരിച്ചുകഴിഞ്ഞാല്‍
വീണ്ടുമൊരു ഗര്‍ഭപാത്രമന്വേഷിക്കണം
പത്തു മാസമെങ്കില്‍ പത്തു മാസമെങ്കിലും
മനുഷ്യനു സ്വസ്ഥമായി കഴിയാമല്ലോ....!


സര്‍വേക്കല്ല്
കാലഭൈരവന്‍ പാതി ജീവിതം അളന്നെടുത്ത്
സര്‍വേക്കല്ല് സ്ഥാപിച്ചത്
എന്‍റെ ഹൃദയത്തിന്‍റെ ഒത്ത നടുക്കായിരുന്നു!
ഒരു  കഴഞ്ച് അല്‍പം മാറ്റി സ്ഥാപിച്ചിരുന്നെങ്കില്‍
കുറച്ചു കാലം കുടെ ഈ ശരീരത്തില്‍ത്തന്നെ
ജീവിക്കാമായിരുന്നു!

Saturday, January 7, 2012

കെ.എസ്.ജോര്‍ജ് പാടുന്നു

മരണം വാതില്ക്കലൊരു നാള്‍
മഞ്ചലുമായി വന്നു നില്‍ക്കുമ്പോള്‍;
       ഒരു വലിയ ശസ്ത്രക്രീയ വേണ്ടിവരുമെന്ന്
       ഒരു ഡോക്ടര്‍!
       ഒരു ചെറിയ  ശസ്ത്രക്രീയ മതിയെന്ന്
       മറ്റൊരു ഡോക്ടര്‍!
       ശസ്ത്രക്രീയയേ വേണ്ടെന്ന്
       മൂന്നാം ഡോക്ടര്‍!
       വിദഗ്ധാഭിപ്രായത്തിനു വിടാമെന്ന്
       നാലാം ഡോക്ടര്‍!
       സമവായത്തിനു ശ്രമിക്കാമെന്ന്
       അഞ്ചാം ഡോക്ടര്‍!
       അറിയിക്കേണ്ടവരെ അറിയിച്ചോളാന്‍
       ആറാം ഡോക്ടര്‍!
ചിറകടിച്ചെന്‍ ചിന്ത തളരും നേരം
തീര്‍ത്ഥജലം തരുമോ...........
തീര്‍ത്ഥജലം തരുമോ...........!