Tuesday, July 27, 2010

ലേലത്തില്‍ പോകാത്ത ശിലാഫലകങ്ങള്‍

ലേലത്തില്‍ പോകാത്ത ശിലാഫലകങ്ങള്‍
നഗരപ്രാന്തത്തില്‍ നടത്തിയ ഉല്‍ഖനനത്തില്‍
മൂന്ന് ശിലാഫലകങ്ങള്‍ കണ്ടെടുക്കുകയുണ്ടായി.
അതിലൊന്നില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
"ദുഷ്ടനിഗ്രഹത്തിനും ധര്‍മ്മസംസ്ഥാപനത്തിനും വേണ്ടി
ഞാന്‍ വീണ്ടും അവതരിക്കുന്നതാണ്"!
ഫലകത്തിന്‍റെ പഴക്കം ഉദ്ദേശം 
പതിനായിരം വര്‍ഷങ്ങള്‍ !
മറ്റൊരു ഫലകത്തില്‍ ഇങ്ങെനെ കാണുന്നു.
"പാപികളേ  ഉടന്‍ മാനസാന്തരപ്പെടുവിന്‍
അവന്‍റെ വരവ് ആസന്നമായിരിക്കുന്നു!"
ഫലകത്തിന്‍റെ പഴക്കം ഏകദേശം
രണ്ടായിരം വര്‍ഷങ്ങള്‍ !
മൂന്നാമത്തെ ഫലകം അധികം പഴക്കമില്ലാത്തതാണ്.
എങ്കിലും അക്ഷരങ്ങളധികവും 
തേഞ്ഞു മാഞ്ഞു പോയിരിക്കുന്നു.
 ഏകദേശം ഇങ്ങനെ വായിച്ചെടുക്കാം
"വിപ്ലവം  ആസന്നമായിരിക്കുന്നു.
ചൂഷകപ്പരിഷകള്‍ കീഴടങ്ങുകയും
മര്‍ദ്ദകഭരണകൂടങ്ങള്‍ കൊഴിഞ്ഞു പോവുകയും
തന്നെ ചെയ്യും.
അനൃന്‍റെ സ്വരം സംഗീതം പോലെ ആസ്വദിക്കപ്പെടുന്ന
ആ സുദിനം   ഇതാ വന്നണയുകയായി"!
ശിലാഫലകങ്ങള്‍ 
ലേലത്തില്‍ പോകാത്തതു കൊണ്ട്
പുരാവസ്തുവകുപ്പിനു
കൈമാറിയിരിക്കുകയാണ്!






പത്മകുമാര്‍ പനങ്ങോട്

Saturday, July 17, 2010

മൊഴിമുള്ളുകള്‍

ഒടുവില്‍
ഒടുവില്‍ എല്ലാം കഴിഞ്ഞ്
ഒറ്റയ്ക്കിരിക്കുമ്പോള്‍
നിന്നോടു കൂടെ ഇരിക്കുന്നതാര്
നിമിഷങ്ങളെണ്ണി നിറയ്ക്കുന്നതാര്
ഒടുവില്‍ എല്ലാം നിലച്ചപ്പോള്‍
മരിച്ചടക്കിയ ഓര്‍മ്മകള്‍‍
ഉയര്‍ത്തെണീറ്റു വിലപിക്കുന്നതെന്ത്.
സ്വയം തീര്‍ത്ത മൗനകവചം
തുളച്ചതിലോലം വിതുമ്പുന്നതെന്ത്.

ഉരഗം
പഠിച്ച പാഠങ്ങളുടെ പടം കൊഴിച്ച്
പറയുന്നതുപോലെ ഇഴഞ്ഞു നീങ്ങുന്ന
പുതിയൊരുരഗം
വിപ്ളവപ്പല്ലു പോയൊരുരഗം!

മരിച്ചവന്‍റെ ചിരി
മരിച്ചതിനുശേഷമാണ്
ആ മുഖത്തൊരു ചിരി വിടര്‍ന്നത്
ഒരു ചിരി ചിരിക്കാന്‍ അവസാനം വരെ
കാത്തിരുന്നതു പോലെ;
ഒരു ചിരകാലാഭിലാക്ഷം
സാധിച്ചതിന്‍റെ ചിരി!

സാക്ഷി
കോണിപ്പടിക്കു കീഴില്‍
ദൈവങ്ങള്‍ക്കു ശ്വാസം മുട്ടുന്നു!
എത്രനാളിങ്ങനെ മൂന്നടിച്ചതുരത്തില്‍
എല്ലാറ്റിനും സാക്ഷിയായ്!