Sunday, February 26, 2012

4 x 400 മീറ്റര്‍ റിലേ

4 x 400 മീറ്റര്‍ റിലേയില്‍
ആദ്യപാദത്തില്‍ ആദ്യം ഓടിയെത്തിയത്
ഞാനായിരുന്നു.
പക്ഷെ എന്‍റെ ബാറ്റണ്‍ ഏറ്റുവാങ്ങാന്‍
പകരക്കാരനെത്തിയിരുന്നില്ല!
ചുമതലകളുടെ ബാറ്റണും മുറുകെപ്പിടിച്ച്
രണ്ടാം പാദത്തിലും ഓട്ടം തുടര്‍ന്നു.
ഇത്തവണയെത്തിയത് രണ്ടാം സ്ഥാനത്ത്
പകരക്കാരന്‍ അപ്പോഴുമെത്തിയില്ല!
അന്തര്യാമിയായ പരിശീലകന്‍റെ
ആശ്വാസ നിര്‍ദ്ദേശങ്ങള്‍ക്കൊടുവില്‍
മൂന്നാം പാദത്തിലും ഓട്ടം തുടര്‍ന്നു.
ഇത്തവണ മൂന്നാം സ്ഥാനം.
പകരക്കാരനെ അപ്പോഴും കണ്ടില്ല!
അന്തര്യാമിയായവന്‍
'കര്‍മ്മണ്യേവാധികാരസ്ഥേ' യെന്നു കല്പിച്ചു.
നിന്‍റെ ബാറ്റണ്‍ നീ തന്നെ ചുമക്കണമെന്നര്‍ത്ഥം!
നാലാം പാദം ഓടിത്തീര്‍ക്കാനായില്ല.
ജീവിതത്തിന്‍റെ ട്രാക്കില്‍
തളര്‍ന്നു വീണ എന്‍റെ നെഞ്ചെത്ത്
ബാറ്റണെടുത്ത് കുരിശു വരച്ച്
അന്തര്യാമി അപ്രത്യക്ഷനായി!
അല്ലെങ്കിലും അവന്‍ എന്നും
അങ്ങനെ തന്നെയായിരുന്നുവല്ലൊ!

Friday, February 10, 2012

അടുത്തൂണ്‍ സമാധി

ഞാനെന്നും
എന്‍റേതെന്നും
എനിക്കെന്നും ജപിച്ച്
കഠിനതപം ചെയ്ത്
സര്‍ക്കാര്‍ ഗുമസ്ഥനായി
വരസിദ്ധി നേടി!
കാലാന്തരത്തില്‍,
അതിജീവനത്തിന്‍റെ 
കൊടുമുടിക്കയറ്റങ്ങളില്‍
ഒന്നും ഞാനല്ലെന്നും
എനിക്കല്ലെന്നും
എന്‍റേതല്ലെന്നും
തിരിച്ചറിഞ്ഞ്
അടുത്തൂണ്‍ സമാധിയായി!

Saturday, February 4, 2012

മൊഴിമുള്ളുകള്‍

വിശ്വാസം
നിന്‍റെ വിശ്വാസം നിന്നെ രക്ഷിക്കും.
എല്ലാം ഒരു മായയാണെന്നു
നീ വിശ്വസിക്കുമെങ്കില്‍ മാത്രം!

വ്യാകരണം
കര്‍ത്താവു കൈവിട്ട
ക്രീയാ കുമാരിക്കു
കര്‍മ്മ ദോഷമോ
ജന്‍മ ദോഷമോ!

കീഴടക്കല്‍
അടിച്ചു കീഴടക്കാനായില്ലെങ്കില്‍
സ്നേഹിച്ചു കീഴടക്കണം.
എങ്ങനെയെങ്കിലും കീഴടക്കണം.
കീഴടക്കാനായില്ലെങ്കില്‍
കീഴാളനെന്നു വിളിച്ചേക്കാം!
 

കളഞ്ഞു കുളിക്കല്‍
കളവു പോകാത്തതും
കളഞ്ഞു പോകാത്തതും
കളഞ്ഞു കുളിക്കല്ലേ കൂട്ടുകാരേ!