Friday, December 30, 2011

ചൂട്ടു വെളിച്ചം

മുന്നില്‍ പോകുന്നവന്‍റെ ചൂട്ടുവെളിച്ചത്തെ
സദാ ആശ്രയിക്കരുത്.
ചൂട്ടു തെളിക്കാന്‍ ചിലപ്പോളയാള്‍
വിസമ്മതിച്ചുവെന്നു വരാം
ചിലപ്പോളയാള്‍ ചൂട്ടോടെ
കെട്ടു പോയിയെന്നും വരാം.
പിന്നില്‍ വരുന്നവന്‍റെ ചൂട്ടു വെളിച്ചത്തെയും
സദാ ആശ്രയിക്കരുത്.
പിന്നിലെയേതോ തിരിവില്‍
അയാള്‍ ചൂട്ടുമായി അപ്രത്യക്ഷനായിയെന്നു വരാം
ഒരു പിടി ചൂട്ട് സ്വയം കരുതുന്നതാണുത്തമം!
നീ തന്നെ നിന്‍റെ വിളക്കാകുക!


യദാ യദാഹി ധര്‍മ്മസ്യാ....

 "എപ്പോഴെപ്പോഴൊക്കെ  മനുഷ്യന്‍
 കുറച്ചു പണം കൈയില്‍ വച്ച് അഹങ്കരിക്കുന്നുവോ
അപ്പോഴപ്പോഴൊക്കെ ഞാന്‍
പിരിവുകാരനായി അവതരിക്കുന്നു."
എന്‍റെ അഹങ്കാരം കാലാകാലങ്ങളില്‍
തീര്‍ത്തുതന്നു കൊണ്ടിരിക്കുന്ന
പിരിവവതാരങ്ങള്‍ക്കു സ്തുതി!

Saturday, December 24, 2011

പ്രധാന വാര്‍ത്തകള്‍

'ഖുശ്ബു മലയാളസിനിമയില്‍
വീണ്ടും അഭിനയിക്കുന്നു'
'ഐ പി എല്ലില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയേക്കും'
'ഓഹരിവില കുതിക്കുന്നു'
'ഷോറും ഉത്ഘാടനത്തിന്
ഷാരൂക് ഖാന്‍ കൊച്ചിയിലെത്തുന്നു'
എല്ലാം കോരിത്തരിപ്പിക്കുന്ന വാര്‍ത്തകള്‍!
എങ്കിലും കുറച്ച് അപ്രധാന വാര്‍ത്തകള്‍
കൂടെ ആകാമായിരുന്നു;
ഉദാഹരണത്തിന്-
കടം കയറി മുടിഞ്ഞിട്ട്
കയര്‍ക്കുരുക്കിലൊടുങ്ങുന്ന
കര്‍ഷക ജീവിതം പോലെ
എന്തെങ്കിലും...............!


പരാധീനത
കൊളസ്ട്രോള്‍ ലവല്‍
ഷുഗര്‍ ലവല്‍
പ്രഷര്‍ ലവല്‍
എല്ലാം നോര്‍മല്‍!
പരാധീനത്തിന്‍റെ ലവല്‍ മാത്രം
വളരെക്കൂടി നില്‍ക്കുന്നു.
എന്തെങ്കിലും മരുന്നുണ്ടോ വൈദ്യരേ......!
 
കാകളി
ശ്ലഥ കാകളി വൃത്തത്തില്‍
രണ്ടാം പാദത്തിന്‍റെ അന്ത്യത്തില്‍
രണ്ടക്ഷരം കുറച്ചുകൊണ്ടിരിന്നപ്പോഴാണ്
മുതലാളിയുടെ ചീത്തവിളി കേട്ടത്
ചീത്തവിളിക്കെന്തോന്നു കാകളി!
അന്നു മുതലാണ് എന്‍റെ ശുഷ്ക പദ്യങ്ങളെല്ലാം
രൂക്ഷ ഗദ്യങ്ങളായി മാറിയത്!

Saturday, December 17, 2011

ക്ലേശം

ക്ലേശം
ക്ലേശിക്കുന്നവരേ.... കാത്തിരിക്കുക.
നിങ്ങളിലേക്കു കടക്കാനായി
സന്തോഷം നിങ്ങള്‍ക്കരികില്‍ത്തന്നെയുണ്ട്!
സന്തോഷിക്കുന്നവരേ.... കരുതിയിരിക്കുക.
നിങ്ങളിലേക്കു കടക്കാനായി
ക്ലേശം  നിങ്ങള്‍ക്കരികില്‍ത്തന്നെയുണ്ട്!

ആചാരൃന്‍റെ തോണി
ആചാരൃന്‍ പറഞ്ഞതിങ്ങനെയാണ്
"അകലാതെ അടുക്കുവിന്‍"
അനുചരര്‍ കേട്ടതിങ്ങനെയാണ്
"അകലാതെ അടിക്കുവിന്‍"
അടുക്കുവാന്‍ കടവുകളന്വേഷിച്ച്
ആചാരൃന്‍റെ തോണി ചോരപ്പുഴയിലൂടെ
ഒഴുകിക്കൊണ്‍ടേയിരിക്കുന്നു!

ട്ടേപ്പ്
ഞാനറിയാതെ ഏന്‍റെ സംഭാഷണങ്ങളെല്ലാം
അയാള്‍ ട്ടേപ്പില്‍ പകര്‍ത്തുന്നുണ്‍ടായിരുന്നു.
പാവം! ഒത്തിരി ബുദ്ധിമുട്ടിക്കാണും
എന്‍റെ മൗനങ്ങളും ആത്മനൊമ്പരങ്ങളുമെല്ലാം
ഏങ്ങനെ ട്ടേപ്പില്‍ പകര്‍ത്താനാണ്!

Friday, December 9, 2011

പൂക്കാലം

പൂക്കാലം
ആദൃം അവളൊരു പൂവു ചോദിച്ചു.
ഞാന്‍ പൂക്കാലം കൊടുത്തു.
പിന്നെയവള്‍ പൂന്തോട്ടം മുഴുവനും ചോദിച്ചു.
ഞാന്‍ ഇഷ്ട ദാനം രജിസ്റ്ററാക്കി നല്‍കി.
പൂക്കാലം കഴിഞ്ഞപ്പോള്‍
പ്രണയക്കിളി പറന്നും പോയി.
ഇപ്പോള്‍ പൂന്തോട്ടകാവല്‍ക്കാരന്‍റെ
ഒരൊഴിവുണ്ടെന്നു കേട്ടു.
എനിക്കു വേണ്ടി ഒന്നു ശുപാര്‍ശ ചെയ്യുമോ, പ്ലീസ്!

സന്യാസം
എന്തെങ്കിലും സ്വന്തമായിട്ടുണ്ടായിരുന്നെങ്കില്‍
ത്വജിച്ചിട്ടു കാശിക്കു പോകാമായിരുന്നു.
എന്തെങ്കിലും  പരിത്വജിക്കാതെ
എന്തൂട്ട് സന്യാസം!

ജീവനകല
ഓട്ട വീണ തോണിയില്‍ നിന്ന്
വെള്ളം തേവി വലഞ്ഞെങ്കില്‍
ഇനിയല്‍പം 'പ്രാണായാമ' മാകാം
അതിജീവന സമരത്തിനു വിരാമം!
പുതു 'ജീവനകല' ക്കു  പ്രണാമം!

Saturday, September 10, 2011

നീചരാശികള്‍

നീചരാശികളെല്ലാം
ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നു.
ഇരുണ്ട ഇടനാഴികള്‍
അനന്തമായ് നീളുന്നു.
അപരിചിതരുടെ എണ്ണവും
നാള്‍ക്കുനാള്‍ പെരുകുന്നു.
പ്രജ്ഞയും പാതിചത്ത ദേഹവു-
മൊന്നുപോല്‍ വൃര്‍ത്ഥമായ് കേഴുന്നു.

ആ വാഗ്ദത്തഭൂമി എവിടെയാണ്
ഈ കടുത്തവേനലിന്നറുതിയെന്നാണ്
കരാളരുപങ്ങളൊടുങ്ങാത്തതെന്താണ്
ചാവേര്‍പ്പടകളൊഴിയാത്തതെന്താണ്

ഒരിടത്തുമെത്താത്ത പെരുവഴി!
‍ഓരോരോ നിയോഗങ്ങള്‍!
കാലദേശങ്ങള്‍ക്കര്‍ത്ഥം നശിച്ചുവോ!
എന്‍റെ ഘടികാരം നിലച്ചുവോ,
പ്രണയിനീ...നീയുമെന്നെ മറന്നുവോ,

ഇനിയവശേഷിക്കുന്ന വിഹ്വലതകളുടെ
കരിമ്പടം മെല്ലെ മാറ്റി എനിക്കു
നിന്നിലൊളിക്കാന്‍ കഴിഞെങ്കില്‍!


Saturday, August 20, 2011

നോക്കുകുത്തികള്‍

ഞങ്ങള്‍   നോക്കുകുത്തികള്‍, മുന്നില്‍-
ക്കാണും ജീവിതമെന്ന പ്രഹേളിക
കണ്ടും പിന്നെ കേട്ടു രസിച്ചും
കണ്ടില്ലെന്നു നടിച്ചും പലതും
കേട്ടില്ലെന്നു നിനച്ചും
ദൈനൃതയോടെ കരഞ്ഞും
കാലം പോക്കുന്നു!


ധര്‍മ്മച്ചുതികളിലടിയും മാനവ
സംസ്കാരത്തിന്‍ ജീവിതവീഥികള്‍
ദുഃഖസ്മൃതികളിലിഴയും മര്‍ത്തൃന്
വൃര്‍ത്ഥതയല്ലാതില്ലൊന്നും!

ഇരവും പകലും ജനിമൃതികര്‍മ്മവും
ഇടതടവില്ലാതൊഴുകുന്നു.
തമ്മിലടിച്ചും കൊന്നും ചത്തും
കര്‍മ്മഫലങ്ങളില്‍ വിലപിക്കുന്നു!

അധികാരത്തിന്‍ മത്തുപിടിച്ചവര്‍
അധിപതിയാകാന്‍ വെമ്പുന്നു,
അവകാശങ്ങള്‍ക്കായ് സമരം ചെയ്തവര്‍
അടര്‍ക്കളത്തില്‍ തളരുന്നു!

കപടവിപ്ളവകാഹളമൂതീ, ചിലര്‍
കനത്തവഞ്ചന കാട്ടുന്നു.
കാട്ടിലെയോരോ മരവും വെണ്‍മഴു
കാണെക്കാണെ വിതുമ്പുന്നു.


വര്‍ഗ്ഗം വര്‍ണ്ണം ജാതിമതാദികള-
ട്ടഹസിക്കും നരകമിതായൊ
കഷ്ടം മനുജന് വന്നുഭവിച്ചൊരു
കഷ്ടമിതോര്‍ത്താല്‍ കഠിനമപാരം!

വരളും മണ്ണില്‍ പെയ്യാന്‍ കരിമുകില്‍
ഇനിയുമമാന്തമിതെന്തെ,
ഇരുളും മനസ്സിനെ ജ്വാജ്വലമാക്കാന്‍
ഒരു തരിവെട്ടമിന്നെവിടെ,
നിറയും കണ്ണുകളൊപ്പാന്‍ ചേതന
മരവിക്കാത്തവരെവിടെ,
ജീവിതദുരിത കയങ്ങള്‍ താണ്ടാന്‍
സ്നേഹത്തോണികളെവിടെ.

മര്‍ത്തൃരെ നിങ്ങള്‍ മതിയാക്കുകയീ-
യവമതിയാര്‍ന്ന മയക്കം
മസ്തിഷ്ക്കത്തിന്‍ വന്ധൃത മാറ്റാന്‍
ഒരുമ്പെട്ടീടുവിനുടനെ.

തിന്‍മകള്‍ വിത്തുവിതച്ചൊരീ മണ്ണില്‍
നന്‍മകള്‍ നട്ടുവളര്‍ത്താന്‍
ഉണരിന്‍ വേഗം, നവയുഗയുഷസ്സിനു
വിടരാന്‍ പാടുക സ്വാഗതഗീതം!

Friday, August 12, 2011

കവിത

കവിത കഥയല്ല, കാകളിയല്ല;
കരിവളക്കൈകളോ,
കരിനീലമിഴികളോ,
കാട്ടാറീന്നീണമോ കവിതയല്ല.
അമരകോശം അടുത്തുവച്ചുരുക്കഴിക്കേണ്ട
വാക്കല്ല കവിത.
ഇരുണ്ടതും ശോകമൂകവുമായോരേകാന്തതയില്‍‍
പ്രത്യാശയുടെ തിരിനാളമായ്,
കാലത്തിന്‍റെ കണ്ണീര്‍പ്പാടം
കടത്തുന്ന കരുത്തായ്,
ആത്മഗര്‍വങ്ങളെ
ഉരുക്കുന്ന കനലായ്,
നിരര്‍ത്ഥക വിധികളെ
ചൂണ്ടുന്ന വിരലായ്,
അസംബന്ധഘോഷങ്ങളെ
അമര്‍ത്തുന്ന ധ്വനിയായ്,
കോയ്മയുടെ കോട്ടകളെ
തകര്‍ക്കുന്നൊരുശിരായ്,
തിന്‍മയുടെ തീര്‍പ്പുകളെ
തിരുത്തുന്ന വാക്കായ്,
തീരാത്ത രോഷമായ്,
തീരാത്ത ദാഹമായ്,
തീരേണമിന്നു കവിത
തീയകാലത്തിന്‍റെ കവിത.

Saturday, August 6, 2011

ഓര്‍ക്കിഡുകള്‍ പൂക്കുന്നതെങ്ങെനെ

പുഴമണല്‍ കുഴിച്ച്
പുരവച്ച കവി
പുഴയോളം കരയുന്നു.
കാട്ടുമരത്തില്‍ തീര്‍ത്ത
ആട്ടുകട്ടിലില്‍ കിടന്ന്
കാനനഹൃദയത്തിന്‍റെ
നോവേറ്റു പിടയുന്നു!

മലനിരകളിടിച്ച്
വയല്‍ നികത്തിയ കവി
മലയോളം തേങ്ങുന്നു.
പുതുമണ്ണിലാക്കണ്ണീരു വീണ്
ഓര്‍ക്കിഡാദികള്‍ പൂത്തുലയുന്നു!

Friday, July 29, 2011

മൗനമന്ദഹാസം

സ്വപ്നങ്ങള്‍ കാണാന്‍ പറഞ്ഞവരുടെ
മണിമേടകള്‍  പിന്നിട്ട്,
മോഹങ്ങള്‍ മരിച്ചടക്കിയ
ശവപ്പറമ്പുകള്‍  പിന്നിട്ട്,
അധിക്ഷേപത്തിന്‍റേയും,

നിരാസത്തിന്‍റേയും
കഠിന തീരങ്ങള്‍ പിന്നിട്ട്,
ഒരിക്കലും തീരാത്ത ദുര്‍ഘട പാതകളില്‍,
ഉച്ചപ്പൊരിവെയിലില്‍,
കരുണവൃക്ഷത്തണല്‍
തേടിയലഞ്ഞപ്പോഴാണ്, ഗൗതമന്
യഥാതത്ഥൃത്തിന്‍റെ ബോധോദയമുണ്ടായത്!
ആരവങ്ങള്‍ക്കിടയില്‍ നിന്നും
അതിജീവനത്തിന്‍റെ പൊരുള്‍ തേടിയവര്‍ക്ക്
മറുപടി ഒരു മൗനമന്ദഹാസം മാത്രം!

Friday, July 22, 2011

കഥ

കഥ കേട്ടു വന്നവരും
കഥ കേട്ടു പോയവരും
കഥയില്ലാതായവരും
ഒരു കഥ മാത്രമായ്.....!

ആ കഥയ്ക്കീക്കഥ വന്നല്ലൊ
ഈ കഥയ്ക്കാക്കഥ പാഴല്ലോ
പാഴ്ക്കഥ പാറ്റി
പുതുക്കഥ തോറ്റി
കതിരും പതിരും തെരഞ്ഞല്ലോ
കതിരേത്? പതിരേത്?

Saturday, July 16, 2011

ഇടവേള

നീയെന്തു ചെയ്യുന്നു സോദരാ......?
"ഞാനെന്‍റെ ദുര്‍വിധി
കൊറിച്ചുകൊണ്ടിരിക്കുന്നു."
ചാവേര്‍പ്പടകളൊഴിഞ്ഞുവല്ലോ
ചാവിന്‍റെ പുരം കഴിഞ്ഞുവല്ലോ
തീവെട്ടി,ബോംബുക,ളട്ടഹാസങ്ങളും
കാക്കിയും ബൂട്സുമൊഴിഞ്ഞുവല്ലോ
ഇതൊരിടവേള,യിടവേള മാത്രം
നാളെ പകലുകള്‍ വീണ്ടും ചുവക്കാം
അതിനുമുമ്പൊരുമാത്ര,മാത്രമാണെങ്കിലും
മധുര സ്വപ്നങ്ങളെ തഴുകാം

Friday, July 8, 2011

സ്വര്‍ഗ്ഗ വാതില്‍

പാതി വെന്ത വേദാന്തം
പാകത്തിനെടുത്ത്
സ്തോത്രസങ്കീര്‍ത്തനങ്ങള്‍
നാലെണ്ണം ചേര്‍ത്ത്
ഓങ്കാരത്തില്‍ ലയിപ്പിച്ച്
നോമ്പുവൃതത്തിനു മുമ്പും പിമ്പും
നേരാംവണ്ണമകത്താക്കില്‍
സ്വര്‍ഗ്ഗം നമ്മുടെ  പടിവാതില്‍ക്കല്‍!

Saturday, July 2, 2011

ബൗദ്ധം

ശൂനൃതയുടെ
നിതൃമായ ഉദാസീനതയില്‍
ഉണ്‍മയുടെ തുടക്കം!
ആത്മബോധത്തിന്‍റെ
തേജഃപ്രസരം!
കരുണക്കടല്‍ ബോധിസ്വത്വം.
മധുരം, മനോഞ്ജം മൃദുമന്ദഹാസം!
പ്രശാന്ത ഗംഭീരം
ഗിരിശ്രിംഗ കാന്തി!
സുതാരൃ വജ്ജ്രകഠിനം
മഹായാനമാര്‍ഗ്ഗം!

Sunday, June 26, 2011

മൊഴിമുള്ളുകള്‍

ആട്ടിന്‍തോല്‍
 
ആട്ടിതോലണിഞ്ഞു മടുത്ത
ചെന്നായക്ക് ആകെ ആശയക്കുഴപ്പം
ആട്ടിന്‍ തോലിനു പകരം
ഖാദി വേണോ, കാവി വേണോ
കാല്‍ശരായിയും കോട്ടും വേണോ!


എക്സൂസ് മീ
കൊത്തരുതു പാമ്പേ നീ
'എക്സൂസ് മീ'  പറഞ്ഞിട്ടു;
കൊത്തിയാല്‍ 'സോറി'
പറഞ്ഞിടൊല്ലെ.....!


ശിക്ഷ
സര്‍പ്പക്കാവില്‍ നാഗത്താന്
നൂറും പാലും!
വീട്ടില്‍ക്കയറിയ    നാഗത്താന്
മരണശിക്ഷ  !!
നന്ദികേശ്വരന് നീരാഞ്നം!
അത്താഴത്തിനു ബീഫ്ചില്ലി!!

Saturday, June 25, 2011

Instant Life

Instant pudding!
Instant cutlet!
Instant love!
Instant sex!
Instant devotion!
Instant salvation!
Instant cremation!
Instant life lived in easy-
installments!

Friday, June 24, 2011

അയ്യപ്പന്‍റമ്മ

അയ്യപ്പന്‍റമ്മ നെയ്യപ്പം ചുട്ടു.
കാക്ക കൊത്തി കടലിലിട്ടില്ല.
മുക്കോപ്പിള്ളേരു മുങ്ങിക്കിടന്നതും
തട്ടാപ്പിള്ളേരു തഞ്ചത്തില്‍ നിന്നതും
വെറും വെറുതെ!
കാകനും കൂമനും
കുറുക്കനും കുന്നായ്മകളും
കൗടില്ലൃ ന്യായങ്ങളും
നിര്‍വ്വാണ ഗീര്‍വ്വാണങ്ങളും
നിറയുന്ന നാടിതില്‍
അയ്യപ്പന്‍റമ്മമാര്‍ കരുതിയിരിക്കുക!

Sunday, June 19, 2011

ജാതകം

പത്തായം പെറും
ചക്കി കുത്തും
അമ്മ വയ്ക്കും
ഉണ്ണി ഉണ്ടിട്ടു ക്രിക്കറ്റ് കളിക്കും!
 

പത്തായത്തില്‍ നെല്ലില്ല
ചക്കിക്ക് പണിയില്ല
അമ്മയ്ക്കു സുഖമില്ല
ഉണ്ണിക്ക് ഉണ്ണാനില്ല.

പത്തായം വിറ്റു തുലച്ചു
ചക്കിയും പിരിഞ്ഞു പോയി
ഉണ്ണിക്കൊരു ഗതിയില്ലാതായ്
ഉണ്ണിയുരുണ്ടുതെരുവിലിറങ്ങി.

ഭാവാധിപതിയായ കുജന്‍
അഷ്ടമത്തിലിരുന്ന്
ഭാവത്തെ വീക്ഷിക്കുകയാല്‍
ശേഷമെല്ലാം ശുഭമെന്ന്
ഉണ്ണിയുടെ ജാതകം!

Friday, June 17, 2011

ശെയ്ത്താന്‍

അകത്തിരിക്കണ ശെയ്ത്താനെ അറിയാഞ്ഞിട്ടല്ല
ആട്ടിയോടിക്കാനറിയാഞ്ഞിട്ടല്ല
ഇരിക്കട്ടെ ഒരു ബലത്തിന്
നാളെ മറ്റൊരു ശെയ്ത്താന്‍ എതിരെ വരുമ്പോള്‍
ആരുണ്ട് കൂട്ടിന്!

Wednesday, June 15, 2011

മ്യാവു..മ്യാവൂ

ഇന്നലെ
വസന്തത്തിന്‍റെ ഇടിമുഴക്കം കേട്ട്
മാവോ മാവോയെന്ന് ഗര്‍ജ്ജിച്ചവര്‍
ഇന്ന്
കണ്ണടച്ച്, പാലുകുടിച്ച്,
മ്യാവു മ്യാവു  എന്നു കരഞ്ഞ്,
അടുപ്പിനു മുകളില്‍
അര്‍ദ്ധമയക്കം!


മുന്‍വാതിലിലുടെ
മുടിപ്പിച്ചു പോയവര്‍
പിന്‍ വാതിലിലതാ
പതുങ്ങി നില്‍ക്കുന്നു!

Monday, June 13, 2011

വിശ്രമം

ശ്രമിച്ചു ശീലമില്ലാത്തതിനാല്‍
വിശ്രമത്തിലായിരിന്നൊട്ടു കാലം
വിശ്രമമേറെ മടുത്തപ്പോള്‍
ആശ്രമത്തിലാക്കി താമസം!
അന്തൃ വിശ്രമനാള്‍ വരെ
അല്ലലില്ലാത്ത ജീവിതം
അര്‍ത്ഥ കാമ മോക്ഷങ്ങള്‍
അലട്ടീടാത്ത ജീവിതം!
അനൃനദ്ധ്വാനിച്ചു നല്‍കീടില്‍
വിശ്രമം തന്നെ പരമസുഖം!

Sunday, June 12, 2011

ഇരുളേ വിഴുങ്ങ്

അവസാനത്തെ ആശ്രയത്തില്‍ നിന്ന്
കേള്‍ക്കാന്‍ കൊതിച്ചതിതാണ്.
"നീ തനിച്ചല്ല, നിന്നോടുകൂടെ ഞാനുണ്ട്"
എന്നാല്‍ കേട്ടതിതാണ്
"നിന്നെ എനിക്കറിയില്ല, നീയെന്‍റെ ആരുമല്ല"
നിരാസത്തിന്‍റെ    അവസാനബിന്ദുവില്‍ നിന്ന്
അന്തൃപ്രയാണത്തിനൊരുങ്ങുമ്പോള്‍
അരുതേയെന്നാരെങ്കിലും
പിന്‍വിളിക്കുമെന്നു കരുതി.
പക്ഷെ കേട്ടതിതാണ്
"ഒന്നു പോയികിട്ടിയിരുന്നെങ്കില്‍"
കരുണവൃക്ഷത്തണല്‍ തേടി
കാതങ്ങളലയുമ്പോള്‍
വന്നില്ലൊരു ദൈവവും
അനുഗ്രഹ വചസ്സുമായ്
പകരം ആകാശത്തില്‍ നിന്നടര്‍ന്നു വീണത്
സൂരൃ ശാപം മാത്രം!
ഇനി ഇരുട്ടെത്തിയെങ്കില്‍
ഇരുട്ടിനോടെങ്കിലും
ഇരുളേ വിഴുങ്ങെന്നു
പറഞ്ഞു നോക്കാമായിരുന്നു!

Friday, June 10, 2011

ചെറുവിരല്‍

നിരന്തരധ്യാന മനനാദികളിലൂടെ
ശരീര,മനോ,വാക് കര്‍മ്മങ്ങളെ ജയിച്ച്
ദഃഖത്തിന്‍റെ മറുകരകണ്ടവന്‍, ആ  യോഗിവരൃന്‍
ഇപ്പോള്‍ തന്‍റെ ചെറുവിരലിനെയോര്‍ത്തു
ദഃഖിക്കുന്നു!
"എന്തെ എന്‍റെ ചെറു വിരല്‍ മാത്രം
ഇനിയും വരുതിയില്‍ വരാത്തത്?"
ഇപ്രകാരം ചിന്തിച്ച്, തന്‍റെ ആഴത്തിലിരിക്കുന്ന
മൗനഘനമായ പ്രശാന്തിയില്‍ പോയി
അല്പസമയം ലയിച്ചിരുന്നു.
മൗനകവചം തുളച്ച് ചെറുവിരല്‍
അപ്പോഴും ചോദൃ ചിഹ്നമായി  തന്നെ നിന്നു.
ഒടുവില്‍ സചേതനമായ തന്‍റെ
ചെറുവിരലിന്‍റെ പൊരുള്‍
അദ്ദേഹം കണ്ടെത്തുകതന്നെ ചെയ്തു.
ചെറുവിരലൊഴികെ തന്നില്‍ എല്ലാം മരിച്ചിരിക്കുന്നു.
ചെറുക്കാന്‍ ഒരു ചെറുവിരലെങ്കിലും
ബാക്കി വച്ചില്ലെങ്കില്‍..........!

Monday, April 25, 2011

ഗദ്ഗദക്കടല്‍

ഗദ്ഗദക്കടല്‍ നീന്തി വന്നവന്‍ ഞാന്‍
ഗതകാലസ്വപ്നത്തിരയേറി വന്നവന്‍
ഇരുളിന്‍റെയാഴത്തിലൊരു തിരിവെട്ടം
വെറുതെ വെറുതെ തെരഞ്ഞവന്‍.
വറുതികള്‍ പൂക്കുന്ന വഴിയോരങ്ങളില്‍
കരുണവൃക്ഷത്തണല്‍ തേടിയലഞ്ഞവന്‍.
ജന്‍മകര്‍മ്മങ്ങള്‍ക്കര്‍ത്ഥം തെരഞ്ഞ്
ജന്‍മമേ പാപ ഫലശ്രുതി ചേര്‍ത്തവന്‍.
നരച്ച പകലുകള്‍ക്കവസാനമിനിയെന്ന്...
ജ്വരമേറ്റ രാവുകള്‍ക്കവസാനമിനിയെന്ന്....
ധര്‍മ്മ സങ്കടങ്ങളൊടുങ്ങാത്ത കാലമേ,
ജന്‍മമേറ്റിയിനിയെത്രനാളലയണം.

Saturday, April 23, 2011

ആമയും മുയലും

മകന് ആമയുടെയും മുയലിന്‍റെയും
കഥ പറഞ്ഞു കൊടുത്തു അച്ചന്‍.
മുയലുമായുണ്ടാക്കിയ ധാരണയിലാണ്
ആമ ജയിച്ചതെന്ന് മകന്‍!
മകന്‍റെ രാഷ്ട്രീയഭാവിയോര്‍ത്ത്
അകമെ ചിരിച്ചു അച്ചന്‍!
അധികം ചിരിക്കേണ്ട, ഞാനതിലേക്കില്ല
പത്രപ്രവര്‍ത്തനമാണ് തന്‍
തട്ടകമെന്ന് മകന്‍!
ആറ്റിലേക്കുണ്ണി നീ
ചാടൊല്ലെ,ചാടൊല്ലെ,
കുലിയെഴുത്തധികനാള്‍
ശോഭിക്കില്ല!

Thursday, April 14, 2011

ഏകാങ്കം

നായകന്‍:
    "പ്രീയേ നിന്‍റെ മുല്ലപ്പൂമ്പല്ലുകളില്‍ നിന്ന്
    ദംഷ്രട്രകള്‍ വളര്‍ന്നത്
    എത്ര പെട്ടെന്നായിരുന്നു!"
നായിക:
    "പ്രീയനേ നിന്‍റെ മനോഹരമായ
    ചുരുള്‍മുടിക്കിടയില്‍ നിന്നും
    കൊമ്പുകള്‍ മുളച്ചത്
    എത്ര പെട്ടെന്നായിരുന്നു!"
രണ്‍ടുപേരും ഒത്തുചേര്‍ന്ന്:
    "ചെകുത്താന്‍റെ സന്തതികള്‍
    പിറക്കുന്നതിനു മുന്‍പേ
    നമുക്കു പിരിയാം"
    ശുഭരാത്രി!

        -കര്‍ട്ടന്‍-

Wednesday, April 13, 2011

ആകാശത്തിലെ പറവകള്‍

ആകാശത്തിലെ  പറവകള്‍
അവര്‍ പതിരുകള്‍ വിതയ്ക്കുന്നില്ലാ....
പദവികള്‍  കൊയ്യുന്നില്ല!

ആംഗലേയത്തില്‍ ചിലയ്ക്കുന്നില്ല
അടവുനയം പയറ്റുന്നില്ല
ആദര്‍ശപ്പെരുമകള്‍ കാട്ടി
ആത്മവഞ്ചന ചെയ്യുന്നില്ലാ.....
ആത്മവഞ്ചന ചെയ്യുന്നില്ല!

അവസരം പാര്‍ത്തു നടക്കുന്നില്ല
അണികളെ ഒറ്റു കൊടുക്കുന്നില്ല
ആശകള്‍ വിറ്റു കാശാക്കിയതിന്‍മേല്‍
അടയിരിക്കുന്നില്ലാ..അടയിരിക്കുന്നില്ലാ..
ആകാശത്തിലെ  പറവകള്‍

Sunday, April 10, 2011

ഓം ശാന്തി

അനന്തരം ദൈവം
രാത്രിയും പകലും സൃഷ്ടിച്ചു.
രാത്രിയെ ഭീകരസ്വപ്നങ്ങള്‍ക്കും
പകലിനെ പാഴ്ക്കിനാക്കള്‍ക്കുമായി
പകുത്തു വച്ചു.
ശേഷം ടിയാന്‍
ത്രിലോകങ്ങളേയുമുപേക്ഷിച്ച്
ത്രിശ്ശങ്കുസ്വര്‍ഗ്ഗത്തില്‍
ത്രിസന്ധ്യാനേരം നോക്കി
ധ്യാനസ്ഥനായി!
ഓം ശാന്തി!

Monday, March 28, 2011

മൊഴിമുള്ളുകള്‍ (3)

നോഹയുടെ പെട്ടകം
നോഹയുടെ പെട്ടകത്തി ല്‍
ഇനി ശേഷിക്കുന്നത്
പാമ്പും കീരിയും മാത്രം!
പുരാതന വൈരങ്ങള്‍ക്ക്
നോഹയുടെ മദ്ധൃസ്ഥതയില്‍
ഒരു താല്‍ക്കാലിക ഒത്തു തീര്‍പ്പ്!

തൊരട്ടി
ആദായ വിലയ്ക്ക് തൊരട്ടി വില്‍ക്കുന്നണ്ടത്രെ.
വാങ്ങി വച്ചേക്കാം
നാളെ ഒരാനയെ വാങ്ങാന്‍ കഴിഞ്ഞെങ്കിലൊ!

ശെയ്ത്താന്‍
അകത്തിരിക്കണ ശെയ്ത്താനെ അറിയാഞ്ഞിട്ടല്ല
ആട്ടിയോടിക്കാനറിയാഞ്ഞിട്ടല്ല
ഇരിക്കട്ടെ ഒരു ബലത്തിന്
മറ്റൊരു ശെയ്ത്താന്‍ എതിരെ വരുമ്പോള്‍
ആരുണ്ട് കുട്ടിന്!

മോക്ഷം
മോക്ഷം മൊത്തമായും ചില്ലറയായും കിട്ടുന്നിടത്ത്
ആരാണ് വിഷമന്വേഷിച്ചിറങ്ങുന്നത്!

നേരു നേരത്തേയറിയാന്‍
നേരു നേരായുരയ്ക്കുകില്‍
ഖേദമില്ലിത്തിരി വൈകിയാലും!

അഹം
അഹം നശിച്ചവനെന്തു വൃഥ!
അര്‍ത്ഥം നശിച്ചവനെന്തു കഥ!

Sunday, March 27, 2011

മൊഴിമുള്ളുകള്‍ (2)

രക്ഷ
മുട്ടുവിന്‍ തുറക്കപ്പെടും
മുട്ടി; തുറന്നുകണ്ടത്
പിന്നെയുമൊരടഞ്ഞ വാതില്‍!

അന്വേഷണം
അന്വേഷിക്കുവിന്‍ കണ്ടെത്തും
ആരവങ്ങള്‍ക്കു മീതെ
അനന്തതയുടെ ഗദ്ഗതം മാത്രം!

അറിവ്
അറത്തുമുറിച്ചു ഗുണിച്ചു ഹരിച്ചി-
ട്ടറിയാനിനയും ബാക്കി!
അരവയറിനിയും ബാക്കി!

കതിരു കാണാക്കിളി
കതിരുകാണാക്കിളി
ആദൃം കൊത്തിയതെല്ലാം പതിരായിരുന്നു.
പിന്നെ കൊത്തിയതെല്ലാം എതിരും!
എതിരും പതിരും കൊത്തി
പറന്നുതളര്‍ന്നപ്പോളാണവള്‍
കാവൃശാഖിയില്‍ കൂടു വച്ചത്!

അറിയിപ്പ്
വചനശുശ്രൂഷയില്‍ ദുരിതങ്ങളൊടുങ്ങാത്തവര്‍ക്ക്
ഗാനശുശ്രൂഷയില്‍  പങ്കെടുക്കാം
ഗാനശുശ്രൂഷയിലും കണ്ണുനീര്‍ തോരാത്തവര്‍ക്ക്
ഒട്ടകങ്ങളറിയാതെ ഓരോ സൂചിക്കുഴ സൗജനൃം!

സ്തുതി
കണ്‍സൂമറാനന്ദന്‍മാര്‍ക്കു സ്തുതി!
അരാഷ്ട്രീയാനന്ദന്‍മാര്‍ക്കും സ്തുതി!

Thursday, March 24, 2011

ചിരി

ആദൃമൊക്കെ ചിരിച്ചത്
ആത്മാര്‍ത്ഥമായിട്ടു തന്നെയായിരുന്നു.
അന്തസ്സാരശൂനൃനെന്ന്
ആളുകള്‍ കരുതിയെങ്കിലും.
പിന്നെപ്പിന്നെ ചിരി
വിളിപ്പുറത്തു വരാതെയായി.
എങ്കിലും ചിറി കോട്ടി,
ചിരിപോലെയെന്തോ ചിരിച്ചെന്നു വരുത്തി
ചിരിസന്ദര്‍ഭങ്ങളില്‍ ചരിതാര്‍ത്ഥനായി!
ദുര്‍വ്വാസ്സാവെന്ന്
ആളുകള്‍ കരുതിയെങ്കിലും.
നിഘണ്ടുവില്‍ ചിരിയുടെ നാനാര്‍ത്ഥങ്ങള്‍!
ചിരിശാസ്ത്രഞ്ജന്‍്റെ മനശാസ്ത്ര നിരീക്ഷണങ്ങള്‍!
തരം പോലെ ചുണ്ടില്‍ തിരുകാന്‍
വരം പോലെ വിളിച്ചു വരുത്താന്‍
കരം കൊടുക്കേണ്ടൊരാള്‍ക്കും
പൊള്ളത്തരമാണെങ്കിലങ്ങനെയാകട്ടെ
ആളുകളിനിയൊന്നുംകരുതില്ലല്ലോ..........!