Monday, March 28, 2011

മൊഴിമുള്ളുകള്‍ (3)

നോഹയുടെ പെട്ടകം
നോഹയുടെ പെട്ടകത്തി ല്‍
ഇനി ശേഷിക്കുന്നത്
പാമ്പും കീരിയും മാത്രം!
പുരാതന വൈരങ്ങള്‍ക്ക്
നോഹയുടെ മദ്ധൃസ്ഥതയില്‍
ഒരു താല്‍ക്കാലിക ഒത്തു തീര്‍പ്പ്!

തൊരട്ടി
ആദായ വിലയ്ക്ക് തൊരട്ടി വില്‍ക്കുന്നണ്ടത്രെ.
വാങ്ങി വച്ചേക്കാം
നാളെ ഒരാനയെ വാങ്ങാന്‍ കഴിഞ്ഞെങ്കിലൊ!

ശെയ്ത്താന്‍
അകത്തിരിക്കണ ശെയ്ത്താനെ അറിയാഞ്ഞിട്ടല്ല
ആട്ടിയോടിക്കാനറിയാഞ്ഞിട്ടല്ല
ഇരിക്കട്ടെ ഒരു ബലത്തിന്
മറ്റൊരു ശെയ്ത്താന്‍ എതിരെ വരുമ്പോള്‍
ആരുണ്ട് കുട്ടിന്!

മോക്ഷം
മോക്ഷം മൊത്തമായും ചില്ലറയായും കിട്ടുന്നിടത്ത്
ആരാണ് വിഷമന്വേഷിച്ചിറങ്ങുന്നത്!

നേരു നേരത്തേയറിയാന്‍
നേരു നേരായുരയ്ക്കുകില്‍
ഖേദമില്ലിത്തിരി വൈകിയാലും!

അഹം
അഹം നശിച്ചവനെന്തു വൃഥ!
അര്‍ത്ഥം നശിച്ചവനെന്തു കഥ!

Sunday, March 27, 2011

മൊഴിമുള്ളുകള്‍ (2)

രക്ഷ
മുട്ടുവിന്‍ തുറക്കപ്പെടും
മുട്ടി; തുറന്നുകണ്ടത്
പിന്നെയുമൊരടഞ്ഞ വാതില്‍!

അന്വേഷണം
അന്വേഷിക്കുവിന്‍ കണ്ടെത്തും
ആരവങ്ങള്‍ക്കു മീതെ
അനന്തതയുടെ ഗദ്ഗതം മാത്രം!

അറിവ്
അറത്തുമുറിച്ചു ഗുണിച്ചു ഹരിച്ചി-
ട്ടറിയാനിനയും ബാക്കി!
അരവയറിനിയും ബാക്കി!

കതിരു കാണാക്കിളി
കതിരുകാണാക്കിളി
ആദൃം കൊത്തിയതെല്ലാം പതിരായിരുന്നു.
പിന്നെ കൊത്തിയതെല്ലാം എതിരും!
എതിരും പതിരും കൊത്തി
പറന്നുതളര്‍ന്നപ്പോളാണവള്‍
കാവൃശാഖിയില്‍ കൂടു വച്ചത്!

അറിയിപ്പ്
വചനശുശ്രൂഷയില്‍ ദുരിതങ്ങളൊടുങ്ങാത്തവര്‍ക്ക്
ഗാനശുശ്രൂഷയില്‍  പങ്കെടുക്കാം
ഗാനശുശ്രൂഷയിലും കണ്ണുനീര്‍ തോരാത്തവര്‍ക്ക്
ഒട്ടകങ്ങളറിയാതെ ഓരോ സൂചിക്കുഴ സൗജനൃം!

സ്തുതി
കണ്‍സൂമറാനന്ദന്‍മാര്‍ക്കു സ്തുതി!
അരാഷ്ട്രീയാനന്ദന്‍മാര്‍ക്കും സ്തുതി!

Thursday, March 24, 2011

ചിരി

ആദൃമൊക്കെ ചിരിച്ചത്
ആത്മാര്‍ത്ഥമായിട്ടു തന്നെയായിരുന്നു.
അന്തസ്സാരശൂനൃനെന്ന്
ആളുകള്‍ കരുതിയെങ്കിലും.
പിന്നെപ്പിന്നെ ചിരി
വിളിപ്പുറത്തു വരാതെയായി.
എങ്കിലും ചിറി കോട്ടി,
ചിരിപോലെയെന്തോ ചിരിച്ചെന്നു വരുത്തി
ചിരിസന്ദര്‍ഭങ്ങളില്‍ ചരിതാര്‍ത്ഥനായി!
ദുര്‍വ്വാസ്സാവെന്ന്
ആളുകള്‍ കരുതിയെങ്കിലും.
നിഘണ്ടുവില്‍ ചിരിയുടെ നാനാര്‍ത്ഥങ്ങള്‍!
ചിരിശാസ്ത്രഞ്ജന്‍്റെ മനശാസ്ത്ര നിരീക്ഷണങ്ങള്‍!
തരം പോലെ ചുണ്ടില്‍ തിരുകാന്‍
വരം പോലെ വിളിച്ചു വരുത്താന്‍
കരം കൊടുക്കേണ്ടൊരാള്‍ക്കും
പൊള്ളത്തരമാണെങ്കിലങ്ങനെയാകട്ടെ
ആളുകളിനിയൊന്നുംകരുതില്ലല്ലോ..........!