Friday, December 30, 2011

ചൂട്ടു വെളിച്ചം

മുന്നില്‍ പോകുന്നവന്‍റെ ചൂട്ടുവെളിച്ചത്തെ
സദാ ആശ്രയിക്കരുത്.
ചൂട്ടു തെളിക്കാന്‍ ചിലപ്പോളയാള്‍
വിസമ്മതിച്ചുവെന്നു വരാം
ചിലപ്പോളയാള്‍ ചൂട്ടോടെ
കെട്ടു പോയിയെന്നും വരാം.
പിന്നില്‍ വരുന്നവന്‍റെ ചൂട്ടു വെളിച്ചത്തെയും
സദാ ആശ്രയിക്കരുത്.
പിന്നിലെയേതോ തിരിവില്‍
അയാള്‍ ചൂട്ടുമായി അപ്രത്യക്ഷനായിയെന്നു വരാം
ഒരു പിടി ചൂട്ട് സ്വയം കരുതുന്നതാണുത്തമം!
നീ തന്നെ നിന്‍റെ വിളക്കാകുക!


യദാ യദാഹി ധര്‍മ്മസ്യാ....

 "എപ്പോഴെപ്പോഴൊക്കെ  മനുഷ്യന്‍
 കുറച്ചു പണം കൈയില്‍ വച്ച് അഹങ്കരിക്കുന്നുവോ
അപ്പോഴപ്പോഴൊക്കെ ഞാന്‍
പിരിവുകാരനായി അവതരിക്കുന്നു."
എന്‍റെ അഹങ്കാരം കാലാകാലങ്ങളില്‍
തീര്‍ത്തുതന്നു കൊണ്ടിരിക്കുന്ന
പിരിവവതാരങ്ങള്‍ക്കു സ്തുതി!

Saturday, December 24, 2011

പ്രധാന വാര്‍ത്തകള്‍

'ഖുശ്ബു മലയാളസിനിമയില്‍
വീണ്ടും അഭിനയിക്കുന്നു'
'ഐ പി എല്ലില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയേക്കും'
'ഓഹരിവില കുതിക്കുന്നു'
'ഷോറും ഉത്ഘാടനത്തിന്
ഷാരൂക് ഖാന്‍ കൊച്ചിയിലെത്തുന്നു'
എല്ലാം കോരിത്തരിപ്പിക്കുന്ന വാര്‍ത്തകള്‍!
എങ്കിലും കുറച്ച് അപ്രധാന വാര്‍ത്തകള്‍
കൂടെ ആകാമായിരുന്നു;
ഉദാഹരണത്തിന്-
കടം കയറി മുടിഞ്ഞിട്ട്
കയര്‍ക്കുരുക്കിലൊടുങ്ങുന്ന
കര്‍ഷക ജീവിതം പോലെ
എന്തെങ്കിലും...............!


പരാധീനത
കൊളസ്ട്രോള്‍ ലവല്‍
ഷുഗര്‍ ലവല്‍
പ്രഷര്‍ ലവല്‍
എല്ലാം നോര്‍മല്‍!
പരാധീനത്തിന്‍റെ ലവല്‍ മാത്രം
വളരെക്കൂടി നില്‍ക്കുന്നു.
എന്തെങ്കിലും മരുന്നുണ്ടോ വൈദ്യരേ......!
 
കാകളി
ശ്ലഥ കാകളി വൃത്തത്തില്‍
രണ്ടാം പാദത്തിന്‍റെ അന്ത്യത്തില്‍
രണ്ടക്ഷരം കുറച്ചുകൊണ്ടിരിന്നപ്പോഴാണ്
മുതലാളിയുടെ ചീത്തവിളി കേട്ടത്
ചീത്തവിളിക്കെന്തോന്നു കാകളി!
അന്നു മുതലാണ് എന്‍റെ ശുഷ്ക പദ്യങ്ങളെല്ലാം
രൂക്ഷ ഗദ്യങ്ങളായി മാറിയത്!

Saturday, December 17, 2011

ക്ലേശം

ക്ലേശം
ക്ലേശിക്കുന്നവരേ.... കാത്തിരിക്കുക.
നിങ്ങളിലേക്കു കടക്കാനായി
സന്തോഷം നിങ്ങള്‍ക്കരികില്‍ത്തന്നെയുണ്ട്!
സന്തോഷിക്കുന്നവരേ.... കരുതിയിരിക്കുക.
നിങ്ങളിലേക്കു കടക്കാനായി
ക്ലേശം  നിങ്ങള്‍ക്കരികില്‍ത്തന്നെയുണ്ട്!

ആചാരൃന്‍റെ തോണി
ആചാരൃന്‍ പറഞ്ഞതിങ്ങനെയാണ്
"അകലാതെ അടുക്കുവിന്‍"
അനുചരര്‍ കേട്ടതിങ്ങനെയാണ്
"അകലാതെ അടിക്കുവിന്‍"
അടുക്കുവാന്‍ കടവുകളന്വേഷിച്ച്
ആചാരൃന്‍റെ തോണി ചോരപ്പുഴയിലൂടെ
ഒഴുകിക്കൊണ്‍ടേയിരിക്കുന്നു!

ട്ടേപ്പ്
ഞാനറിയാതെ ഏന്‍റെ സംഭാഷണങ്ങളെല്ലാം
അയാള്‍ ട്ടേപ്പില്‍ പകര്‍ത്തുന്നുണ്‍ടായിരുന്നു.
പാവം! ഒത്തിരി ബുദ്ധിമുട്ടിക്കാണും
എന്‍റെ മൗനങ്ങളും ആത്മനൊമ്പരങ്ങളുമെല്ലാം
ഏങ്ങനെ ട്ടേപ്പില്‍ പകര്‍ത്താനാണ്!

Friday, December 9, 2011

പൂക്കാലം

പൂക്കാലം
ആദൃം അവളൊരു പൂവു ചോദിച്ചു.
ഞാന്‍ പൂക്കാലം കൊടുത്തു.
പിന്നെയവള്‍ പൂന്തോട്ടം മുഴുവനും ചോദിച്ചു.
ഞാന്‍ ഇഷ്ട ദാനം രജിസ്റ്ററാക്കി നല്‍കി.
പൂക്കാലം കഴിഞ്ഞപ്പോള്‍
പ്രണയക്കിളി പറന്നും പോയി.
ഇപ്പോള്‍ പൂന്തോട്ടകാവല്‍ക്കാരന്‍റെ
ഒരൊഴിവുണ്ടെന്നു കേട്ടു.
എനിക്കു വേണ്ടി ഒന്നു ശുപാര്‍ശ ചെയ്യുമോ, പ്ലീസ്!

സന്യാസം
എന്തെങ്കിലും സ്വന്തമായിട്ടുണ്ടായിരുന്നെങ്കില്‍
ത്വജിച്ചിട്ടു കാശിക്കു പോകാമായിരുന്നു.
എന്തെങ്കിലും  പരിത്വജിക്കാതെ
എന്തൂട്ട് സന്യാസം!

ജീവനകല
ഓട്ട വീണ തോണിയില്‍ നിന്ന്
വെള്ളം തേവി വലഞ്ഞെങ്കില്‍
ഇനിയല്‍പം 'പ്രാണായാമ' മാകാം
അതിജീവന സമരത്തിനു വിരാമം!
പുതു 'ജീവനകല' ക്കു  പ്രണാമം!