Saturday, August 20, 2011

നോക്കുകുത്തികള്‍

ഞങ്ങള്‍   നോക്കുകുത്തികള്‍, മുന്നില്‍-
ക്കാണും ജീവിതമെന്ന പ്രഹേളിക
കണ്ടും പിന്നെ കേട്ടു രസിച്ചും
കണ്ടില്ലെന്നു നടിച്ചും പലതും
കേട്ടില്ലെന്നു നിനച്ചും
ദൈനൃതയോടെ കരഞ്ഞും
കാലം പോക്കുന്നു!


ധര്‍മ്മച്ചുതികളിലടിയും മാനവ
സംസ്കാരത്തിന്‍ ജീവിതവീഥികള്‍
ദുഃഖസ്മൃതികളിലിഴയും മര്‍ത്തൃന്
വൃര്‍ത്ഥതയല്ലാതില്ലൊന്നും!

ഇരവും പകലും ജനിമൃതികര്‍മ്മവും
ഇടതടവില്ലാതൊഴുകുന്നു.
തമ്മിലടിച്ചും കൊന്നും ചത്തും
കര്‍മ്മഫലങ്ങളില്‍ വിലപിക്കുന്നു!

അധികാരത്തിന്‍ മത്തുപിടിച്ചവര്‍
അധിപതിയാകാന്‍ വെമ്പുന്നു,
അവകാശങ്ങള്‍ക്കായ് സമരം ചെയ്തവര്‍
അടര്‍ക്കളത്തില്‍ തളരുന്നു!

കപടവിപ്ളവകാഹളമൂതീ, ചിലര്‍
കനത്തവഞ്ചന കാട്ടുന്നു.
കാട്ടിലെയോരോ മരവും വെണ്‍മഴു
കാണെക്കാണെ വിതുമ്പുന്നു.


വര്‍ഗ്ഗം വര്‍ണ്ണം ജാതിമതാദികള-
ട്ടഹസിക്കും നരകമിതായൊ
കഷ്ടം മനുജന് വന്നുഭവിച്ചൊരു
കഷ്ടമിതോര്‍ത്താല്‍ കഠിനമപാരം!

വരളും മണ്ണില്‍ പെയ്യാന്‍ കരിമുകില്‍
ഇനിയുമമാന്തമിതെന്തെ,
ഇരുളും മനസ്സിനെ ജ്വാജ്വലമാക്കാന്‍
ഒരു തരിവെട്ടമിന്നെവിടെ,
നിറയും കണ്ണുകളൊപ്പാന്‍ ചേതന
മരവിക്കാത്തവരെവിടെ,
ജീവിതദുരിത കയങ്ങള്‍ താണ്ടാന്‍
സ്നേഹത്തോണികളെവിടെ.

മര്‍ത്തൃരെ നിങ്ങള്‍ മതിയാക്കുകയീ-
യവമതിയാര്‍ന്ന മയക്കം
മസ്തിഷ്ക്കത്തിന്‍ വന്ധൃത മാറ്റാന്‍
ഒരുമ്പെട്ടീടുവിനുടനെ.

തിന്‍മകള്‍ വിത്തുവിതച്ചൊരീ മണ്ണില്‍
നന്‍മകള്‍ നട്ടുവളര്‍ത്താന്‍
ഉണരിന്‍ വേഗം, നവയുഗയുഷസ്സിനു
വിടരാന്‍ പാടുക സ്വാഗതഗീതം!

Friday, August 12, 2011

കവിത

കവിത കഥയല്ല, കാകളിയല്ല;
കരിവളക്കൈകളോ,
കരിനീലമിഴികളോ,
കാട്ടാറീന്നീണമോ കവിതയല്ല.
അമരകോശം അടുത്തുവച്ചുരുക്കഴിക്കേണ്ട
വാക്കല്ല കവിത.
ഇരുണ്ടതും ശോകമൂകവുമായോരേകാന്തതയില്‍‍
പ്രത്യാശയുടെ തിരിനാളമായ്,
കാലത്തിന്‍റെ കണ്ണീര്‍പ്പാടം
കടത്തുന്ന കരുത്തായ്,
ആത്മഗര്‍വങ്ങളെ
ഉരുക്കുന്ന കനലായ്,
നിരര്‍ത്ഥക വിധികളെ
ചൂണ്ടുന്ന വിരലായ്,
അസംബന്ധഘോഷങ്ങളെ
അമര്‍ത്തുന്ന ധ്വനിയായ്,
കോയ്മയുടെ കോട്ടകളെ
തകര്‍ക്കുന്നൊരുശിരായ്,
തിന്‍മയുടെ തീര്‍പ്പുകളെ
തിരുത്തുന്ന വാക്കായ്,
തീരാത്ത രോഷമായ്,
തീരാത്ത ദാഹമായ്,
തീരേണമിന്നു കവിത
തീയകാലത്തിന്‍റെ കവിത.

Saturday, August 6, 2011

ഓര്‍ക്കിഡുകള്‍ പൂക്കുന്നതെങ്ങെനെ

പുഴമണല്‍ കുഴിച്ച്
പുരവച്ച കവി
പുഴയോളം കരയുന്നു.
കാട്ടുമരത്തില്‍ തീര്‍ത്ത
ആട്ടുകട്ടിലില്‍ കിടന്ന്
കാനനഹൃദയത്തിന്‍റെ
നോവേറ്റു പിടയുന്നു!

മലനിരകളിടിച്ച്
വയല്‍ നികത്തിയ കവി
മലയോളം തേങ്ങുന്നു.
പുതുമണ്ണിലാക്കണ്ണീരു വീണ്
ഓര്‍ക്കിഡാദികള്‍ പൂത്തുലയുന്നു!