Saturday, November 13, 2010

മരണത്തൊട്ടില്‍

നിന്ദിതര്‍ക്കും, പീഢിതര്‍ക്കും
നിരാശ്രയര്‍ക്കും,നിരാലംബര്‍ക്കും
നിതൃ നിദ്രയില്‍ വിലയം പ്രാപിക്കാന്‍
ഇതാ ഒരു മരണത്തൊട്ടില്‍!
അശരണരേ
ആത്മഹതൃയ്ക്കറയ്ക്കുന്നവരേ
ഈ മരണത്തൊട്ടിലൊന്നു
പരീക്ഷിച്ചു നോക്കുവിന്‍!
വെറുതെ ഭ്രമിച്ച ഭ്രമങ്ങളും
മോഹഭംഗങ്ങളും,
ജഡവിശ്വാസങ്ങളും,
ഹൃദയഞെരുക്കങ്ങളും,
മസ്തിഷ്കച്ചുരുക്കങ്ങളും
മധുരോദാര സ്നേഹശസ്ത്രങ്ങളാല്‍ നീക്കം ചെയ്ത്
ആത്മാവിന്‍റെ മുറിവുകളുണക്കി,
മരണഭീതികളകറ്റി,
സുഖ ശീതള ശാന്ത മൃദലമാം  മരണം
ഈ മരണത്തൊട്ടില്‍
നിങ്ങള്‍ക്കുറപ്പു തരുന്നു!
അടിക്കുറിപ്പ്:
അടുത്ത  പത്തുവര്‍ഷത്തേക്ക്
മരണത്തൊട്ടില്‍ മുന്‍കൂര്‍
ബുക്കുചെയ്തുകഴിഞ്ഞുവെന്ന് അറിയിക്കുന്നു.

Sunday, November 7, 2010

പരാജിതരുടെ സത്രം

പരാജിതരുടെ സത്രം

അറിവില്‍ തോറ്റ്
അരങ്ങത്ത് തോറ്റ്
തൊഴിലില്‍ തോറ്റ്
തൊട്ടതെല്ലാം തോറ്റ്
തുഴഞ്ഞു കുഴഞ്ഞപ്പോഴാണ്
ആ സുവിശേഷം കേട്ടത്
"തോല്‍ക്കുന്നവര്‍ ഭാഗൃവാന്‍മാര്‍
എന്തു കൊണ്ടെന്നാല്‍
അവര്‍ ഒരു നാളും വിജയിക്കുന്നില്ല..
പരാജിതരെ നിങ്ങള്‍ ഭാഗൃവാന്‍മാര്‍
എന്തു കൊണ്ടെന്നാല്‍
വിജയത്തിന്‍റെ ഭാരം
നിങ്ങളുടെ ശിരസ്സില്‍ നിന്ന്
എടുത്തു മാറ്റപ്പെട്ടിരിക്കുന്നു!"
പരാജിതര്‍ക്കു മാത്രമായുള്ള
സത്രം തുറക്കുന്നതെപ്പോഴാണ്!