Friday, August 12, 2011

കവിത

കവിത കഥയല്ല, കാകളിയല്ല;
കരിവളക്കൈകളോ,
കരിനീലമിഴികളോ,
കാട്ടാറീന്നീണമോ കവിതയല്ല.
അമരകോശം അടുത്തുവച്ചുരുക്കഴിക്കേണ്ട
വാക്കല്ല കവിത.
ഇരുണ്ടതും ശോകമൂകവുമായോരേകാന്തതയില്‍‍
പ്രത്യാശയുടെ തിരിനാളമായ്,
കാലത്തിന്‍റെ കണ്ണീര്‍പ്പാടം
കടത്തുന്ന കരുത്തായ്,
ആത്മഗര്‍വങ്ങളെ
ഉരുക്കുന്ന കനലായ്,
നിരര്‍ത്ഥക വിധികളെ
ചൂണ്ടുന്ന വിരലായ്,
അസംബന്ധഘോഷങ്ങളെ
അമര്‍ത്തുന്ന ധ്വനിയായ്,
കോയ്മയുടെ കോട്ടകളെ
തകര്‍ക്കുന്നൊരുശിരായ്,
തിന്‍മയുടെ തീര്‍പ്പുകളെ
തിരുത്തുന്ന വാക്കായ്,
തീരാത്ത രോഷമായ്,
തീരാത്ത ദാഹമായ്,
തീരേണമിന്നു കവിത
തീയകാലത്തിന്‍റെ കവിത.

No comments:

Post a Comment