Saturday, January 14, 2012

മൊഴിമുള്ളുകള്‍

കടല്‍ യുക്തിവാദികള്‍
കടലില്‍ ജനിച്ച്
കടലില്‍ വളര്‍ന്ന്
കടലിലൊടുങ്ങുന്ന
കടല്‍ജീവികളില്‍ ചിലര്‍ക്ക്
കടലിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവത്രെ!
കടല്‍ യുക്തിവാദികളായിത്തീര്‍ന്നവര്‍
കര കാണാക്കടലളന്നു മുറിച്ച്
കടലലകളിലേറി വരുന്നുണ്ടത്രെ!


ഗര്‍ഭപാത്രം
ജനിച്ചു കഴിഞ്ഞ് ജീവിതമാരംഭിച്ചപ്പോള്‍
ഒരിക്കലും ജനിക്കേണ്ടിയിരുന്നില്ലെന്നു തോന്നി.
ഗര്‍ഭപാത്രത്തിലെ സുഖവും  സ്വാസ്ഥ്യവും
പിന്നെയൊരിക്കലും കിട്ടിയിട്ടേയില്ല.
മരിച്ചുകഴിഞ്ഞാല്‍
വീണ്ടുമൊരു ഗര്‍ഭപാത്രമന്വേഷിക്കണം
പത്തു മാസമെങ്കില്‍ പത്തു മാസമെങ്കിലും
മനുഷ്യനു സ്വസ്ഥമായി കഴിയാമല്ലോ....!


സര്‍വേക്കല്ല്
കാലഭൈരവന്‍ പാതി ജീവിതം അളന്നെടുത്ത്
സര്‍വേക്കല്ല് സ്ഥാപിച്ചത്
എന്‍റെ ഹൃദയത്തിന്‍റെ ഒത്ത നടുക്കായിരുന്നു!
ഒരു  കഴഞ്ച് അല്‍പം മാറ്റി സ്ഥാപിച്ചിരുന്നെങ്കില്‍
കുറച്ചു കാലം കുടെ ഈ ശരീരത്തില്‍ത്തന്നെ
ജീവിക്കാമായിരുന്നു!

2 comments:

  1. കൊള്ളാം കവിത..കൂടുതല്‍ ഇഷ്ടമായത് സര്‍വ്വേക്കല്ലാണ്.

    ReplyDelete
  2. naswaramaaya jeevithaththe kurichulla kavitha manoharam .

    ReplyDelete