Monday, September 16, 2013

പ്രാര്‍ത്ഥന


മനസ്സില്‍ നിന്നാര്‍ദ്രത മായാതിരിക്കട്ടെ,
കനിവിന്നുറവകള്‍ വറ്റാതിരിക്കട്ടെ,
കാരുണ്യമുള്‍ക്കണ്ണില്‍ നിറവായിരിക്കട്ടെ,
താരുണ്യം തനുവിന് തുണയായിരിക്കട്ടെ.
സ്വപ്നങ്ങള്‍ക്കര്‍ത്ഥവും ചിറകും മുളയ്ക്കട്ടെ,
കല്‍പ്പനകള്‍ കരവിരുതാല്‍ കാവ്യമായ് തീരട്ടെ.
സത്യവും ധര്‍മ്മവും കൂട്ടായിരിക്കട്ടെ,
മൃത്യുവിന്‍  ഭീതികളുഴലാതിരിക്കട്ടെ.
മദമാല്‍സര്യങ്ങള്‍ മഥിക്കാതിരിക്കട്ടെ,
മാന്യത പൊയ്മുഖമണിയാതിരിക്കട്ടെ.
വ്യര്‍ത്ഥസംഹിതകള്‍ക്കര്‍ത്ഥം നശിക്കട്ടെ,
സ്വാര്‍ത്ഥമോഹങ്ങള്‍ ചുഴലാതിരിക്കട്ടെ.
അറിവിന്‍ വെളിച്ചത്തിലന്ധത മാറട്ടെ,
നെറിവും നേരുമായ് നീതിയും പുലരട്ടെ.
അല്‍പ്പത്തമല്‍പ്പവും തീണ്ടാതിരിക്കട്ടെ,
വ്യല്‍പ്പത്തിയോടേതു വിദ്യയും ഗ്രഹിക്കട്ടെ.
ആയൂരാരോഗ്യ സൗഭാഗ്യങ്ങളോടേവമീ-
ജ്ജീവിതം ജീവിക്കാന്‍ ദൈവം തുണക്കട്ടെ!

3 comments:

  1. പ്രാർത്ഥനകൾ സഫലമാകട്ടെ

    ReplyDelete
  2. പ്രാര്‍ത്ഥനകള്‍ സഫലമാകട്ടെ!

    ReplyDelete
  3. നിൻ മുന്നിൽ വന്നിതാ നിൽപ്പൂ ഞങ്ങൾ...

    ReplyDelete