Monday, November 18, 2013

മാഞ്ഞുപോകുന്ന വ്യസനങ്ങള്‍

മകനേ
ഞാന്‍ നടന്നുതീര്‍ത്ത ദുരിതദൂരങ്ങള്‍
നീ അളന്നെടുക്കരുത്.
വിജനതീരങ്ങളില്‍ ഒടുങ്ങാനുള്ളതല്ല നിന്‍റെ  ജീവിതം.
മകനെ
എന്‍റെ ഹൃദയത്തിലെ മുറിപ്പാടുകളുടെ
ഏണ്ണമെടുക്കരുത്.
നനഞ്ഞ വ്യഥകളില്‍ കെട്ടുപോകാനുള്ളതല്ല നിന്‍റെ ജീവിതം.
എനിക്കു പിന്നില്‍ കൊട്ടിയടഞ്ഞ വാതിലുകളുടെ
പിന്നാമ്പുറം നീ തിരക്കരുത്.
നിനക്കുവേണ്ടി മാത്രം തുറക്കുന്ന വാതിലുകള്‍
നീ ലക്ഷൃമാക്കുക.
ഈ പരാജിതന്‍റെ പരിദേവനങ്ങള്‍ക്കു
നീ ചെവി കൊടുക്കരുത്,
മിഴിയാഴങ്ങളില്‍ കണ്ണുനീരിന്‍റെ ഉറവ തേടരുത്,
അനര്‍ത്ഥങ്ങളുടെ ഉമിത്തീയില്‍
അറിയാതെ കാല്‍ വയ്ക്കരുത്,
ആഘോഷങ്ങളുടെ പൂത്തിരി കത്തിച്ച്
നീ സ്വയം നട കൊള്ളുക.
എന്‍റെ നിഴല്‍ വീഴാത്ത വിദൂരതീരങ്ങളില്‍
നിന്‍റെ കുടില്‍ കെട്ടുക.
എന്‍റെയീ പഴങ്കൂടില്‍ നിന്ന്
പ്രാണന്‍റെ കിളി പറന്നു പോകുമ്പോള്‍
എന്നെയോര്‍ത്ത് നീ വ്യസനിക്കരുത്.
ഇന്നല്ലെങ്കില്‍ നാളെ
മാഞ്ഞുപോകാനുള്ളതാണ് വ്യസനങ്ങളെല്ലാം.

5 comments:

  1. മകനേ, നാളെ നീയും ഇതുതന്നെ ഉരുവിട്ടേക്കാം!

    ReplyDelete
  2. പ്രകാശം ചൊരിയുന്ന അച്ഛൻ.ജീവിതക്കനലുകൾ കൊണ്ട്.!!!

    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.


    ശുഭാശംസകൾ....

    ReplyDelete
  3. നല്ല കവിതകള്‍ ... ആശംസകള്‍... കൂടുതല്‍ എഴുതണം ...

    ReplyDelete
  4. ആശയ സമ്പുഷ്ടമായ വരികള്‍ ....... എഴുത്ത് വിളയട്ടെ .....

    ReplyDelete